അരൂര്‍: അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ചു അഞ്ചു പേര് മരിച്ചു. തിരുനെല്‍വേലിയിലേക്ക് പോയ ഹാപ്പ എക്സ്പ്രസ് ആണ് കാറിലിടിച്ചത്. കെഎല്‍ 32 സി 276 എന്ന നമ്പരിലുള്ള ഇന്‍ഡിക്ക കാറാണ് അപകടത്തില്‍പെട്ടത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ അരൂര്‍ കളത്തില്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. കാറുടമ അരൂര്‍ കളത്തില്‍ സുമേഷ് (26), അരൂര്‍ നെയ്ത്തുപുരയ്ക്കല്‍ വിന്‍സെന്റിന്റെ മകന് നെല്‍ഫിന്‍ (മൂന്ന്), സുമേഷിന്റെ സുഹൃത്ത് തൃക്കുന്നപ്പുഴ സ്വദേശി കാര്ത്തികേയന് (70) പെരുമ്പളം സ്വദേശി നാരായണന്(65), ചെല്ലപ്പന് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
നാട്ടുകാരും തീവണ്ടിയിലുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ആദ്യം ശ്രമമാരംഭിച്ചത്. അപകടസ്ഥലത്തുവച്ചുതന്നെ തന്നെ മൂന്നു പേര് മരിച്ചിരുന്നു. ജീവന് അവശേഷിച്ച കുട്ടിയെയും സുമേഷിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അപകടശേഷം സ്ഥലത്തെത്തിയ റെയില്‍വേയുടെ എമര്‍ജന്‍സി തീവണ്ടി നാട്ടുകാര്‍ ഉപരോധിച്ചു. സ്ഥിരം അപകടഭീഷണിയുള്ള മേഖലയാണിതെന്നും ഇക്കാര്യം നിരവധി തവണ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: