കൊല്‍ക്കത്ത/ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് തിരിച്ചടിയായി പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരില്‍നിന്ന് ആറ് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ചു. രണ്ട് കാബിനറ്റ് മന്ത്രിമാരായ മനസ് ഭുനിയ, അബുഹേന എന്നിവരടക്കം ആറ് മന്ത്രിമാരും ഇന്നലെ ഉച്ചതിരിഞ്ഞ് റൈറ്റേഴ്സ് ബില്‍ഡിംഗിലെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതക്ക് രാജിക്കത്തുകള്‍ കൈമാറുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് അന്ത്യമായി. സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷപാര്‍ട്ടിയായി അവകാശമുന്നയിക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. മന്ത്രിമാര്‍ നേരത്തെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ എം.കെ. നാരായണനും രാജിക്കത്തുകള്‍ കൈമാറി.
മന്ത്രിമാരെന്ന നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചതായി മനസ് ഭുനിയ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.
ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായി രാഷ്ട്രപതി ഭവന് വക്താവ് വേണു രാജാമണി അറിയിച്ചു. തൃണമൂല്‍ മന്ത്രിമാരുടെ രാജിയെത്തുടര്‍ന്ന് മന്ത്രിസഭ പുന:സംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച.
ഇരുപാര്‍ട്ടികളും വേര്‍പിരിഞ്ഞതോടെ സംസ്ഥാനത്ത് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒറ്റക്കുള്ള പോരാട്ടമാവും ഉണ്ടാവുകയെന്ന് ഉറപ്പായി. ഇരുപാര്‍ട്ടികളും സംയുക്തമായി ഭരിക്കുന്ന ഒട്ടേറെ മുനിസിപ്പാലിറ്റികളുടെ പ്രവര്‍ത്തനവും അവതാവളത്തിലാകും. ഉദാഹരണമായി വടക്കന്‍ ബംഗാളിലെ സിലിഗുരി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍സ്ഥാനം കോണ്‍ഗ്രസിനും ഡെപ്യൂട്ടി മേയര്‍പദവി തൃണമൂല്‍ കോണ്‍ഗ്രസുമാണ് വഹിക്കുന്നത്. പുതിയ സംഭവവികാസത്തോടെ ഈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തൃത്താല പഞ്ചായത്ത് സംവിധാനവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഒട്ടേറെ ഗ്രാമപഞ്ചായത്തുകളും പഞ്ചായത്ത്സമിതികളും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സംയുക്തമായാണ് ഭരിക്കുന്നത്. പരസ്പര ബന്ധം വിഛേദിക്കുകയും സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനും തീരുമാനിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എങ്ങനെയാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
കോണ്‍ഗ്രസിന്റെ പിന്മാറ്റം ഏതായാലും മമതാ ബാനര്ജിസര്ക്കാരിന് ഭീഷണിയാവില്ല. 294 അംഗ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മാത്രം 185 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 42 അംഗങ്ങളും.
ഇതിനിടെ, വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തെക്കുറിച്ച് പ്രമേയം അവതരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ന്യൂദല്‍ഹിയില്‍ ഈമാസം 26 ന് പാര്‍ട്ടി എംപിമാരുടെ പ്രകടനവും നടത്തുമെന്ന് മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സൗഗത റോയ് അറിയിച്ചു. തീവണ്ടിയാത്രാ നിരക്കുകള്‍ കുത്തനെ കൂട്ടിയതിനെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന മുന്‍മന്ത്രി ദിനേഷ് ത്രിവേദിയടക്കം കഴിഞ്ഞ ദിവസം രാജിവെച്ച കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇന്നലെ മമതയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ മുകുള്‍ റോയ് യോഗത്തില്‍നിന്ന് വിട്ടുനിന്നു. അതേ സമയം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.
അധികാരത്തിന്റെ ഗര്‍വ്വ് കാണിക്കുന്ന ആരുടെ മുന്നിലും താന്‍ തലകുനിക്കില്ലെന്ന് അവര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു. അമ്മയേയും ഭൂമിയേയും ജനങ്ങളെയും വന്ദിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അധികാര ഗര്വ്വിന് മുന്നില്‍ തലകുനിക്കാന്‍ തന്നെ കിട്ടില്ലെന്നുമാണ് മമത വ്യക്തമാക്കിയത്. കടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും താന്‍ ചീറ്റുമെന്നും മമത പറഞ്ഞു. മറ്റുള്ളവരെ കടിക്കരുതെന്നും എന്നാല്‍ ഉപദ്രവിക്കുന്നവരെ വിഷം ചീറ്റി ഭയപ്പെടുത്തണമെന്നും ശ്രീരാമകൃഷ്ണദേവന് ഒരു പാമ്പിനെ ഉപദേശിച്ചതായുള്ള കഥ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനോടുള്ള നിലപാടിനെക്കുറിച്ച് മമത പ്രതികരിച്ചത്. ഞങ്ങള്‍ പാവപ്പെട്ടവരായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് അന്തസ്സുണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സ്വത്ത് ജനങ്ങളാണ്. ഇന്ന് ബംഗാള്‍ ചിന്തിക്കുന്നതാണ് നാളെ ലോകം ചിന്തിക്കാന്‍ പോകുന്നതെന്നും മമത പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണനയങ്ങളിലും ഡീസല്‍ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നടപടിയോട് പ്രതികരിക്കവെയാണ് മമത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: