ആലപ്പുഴ: വര്‍ദ്ധിച്ചുവരുന്ന മതാധിപത്യപ്രവണതയും മതഭീകരതയും കേരളത്തെ അരക്ഷിതമാക്കുകയാണെന്ന് ആര്‍എസ്എസ് കാര്യകര്തൃയോഗം വിലയിരുത്തി. രാഷ്ട്രീയ ഭരണനേതൃത്വം മതന്യൂനപക്ഷങ്ങളുടെ സര്വ്വാധിപത്യത്തിന് വഴങ്ങിക്കൊടുക്കുന്ന സ്ഥിതി ആപല്‍ക്കരമാണ്. ഹിന്ദു അവഗണനകള്‍ക്കും അവകാശനിഷേധങ്ങള്‍ക്കുമെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കണം. ഹൈന്ദവതയില്‍ അധിഷ്ഠിതമായ കേരളത്തിന്റെ പാരമ്പര്യത്തെയും അഭിമാനത്തെയും വീണ്ടെടുത്ത് മുന്നേറാനുള്ള പ്രയത്നത്തില്‍ മുഴുവന്‍ സമാജവും കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്തതായി ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമായി നവോത്ഥാനമൂല്യങ്ങളില്‍ അടിയുറച്ചുള്ള ഹിന്ദു ഏകീകരണ പരിശ്രമങ്ങള്‍ ത്വരിതപ്പെടുത്തണം. ഹിന്ദുഐക്യം സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന നിലയിലല്ല, സനാതനധര്‍മ്മ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കാലാനുസൃതമായ പരിവര്‍ത്തനങ്ങളെ ഉള്‍ക്കൊണ്ട് സമുദായ ഭേദമന്യേ രൂപപ്പെടേണ്ടതാണ്. ആദ്ധ്യാത്മിക ആചാര്യന്മാരും നവോത്ഥാന നായകന്മാരും ഉയര്‍ത്തിയ ദര്‍ശനത്തിലൂടെ മാത്രമേ കേരളത്തിന്റെ സമഗ്രവികസനം സാദ്ധ്യമാകൂ.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മാര്‍ഗദര്‍ശനം നല്കി. അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്, സീമജാഗരണ്‍ മഞ്ച് പ്രമുഖ് എ.ഗോപാലകൃഷ്ണന്, പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, പി.പരമേശ്വരന് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. നാല് ദിവസങ്ങളില്‍ രണ്ടുഘട്ടമായി നടക്കുന്ന പ്രവര്‍ത്തക ശിബിരത്തില്‍ താലൂക്ക്, ജില്ലാ ചുമതലയുള്ളവരും വിവിധ സംഘടനാ നേതാക്കന്മാരുമായി ആയിരംപേര്‍ പങ്കെടുക്കുന്നുണ്ട്.
സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും ജനസമ്പര്‍ക്കം നടത്താന്‍ തീരുമാനിച്ചു. ഇതിനായി പഞ്ചായത്തുതലം വരെ ആഘോഷസമിതികള്‍ രൂപീകരിക്കും. ആര്‍എസ്എസിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന നാലായിരത്തോളം സേവാപ്രവര്‍ത്തകരുടെ ഒത്തുചേരല്‍ 2012 നവംബര്‍ 24, 25 തീയതികളിലായി കൊടുങ്ങല്ലൂരില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: