കോഴിക്കോട്: ജനശ്രീമിഷനെതിരെ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുന്‍ മന്ത്രി തോമസ് ഐസക്കും ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ വിദ്വേഷം വെച്ചുള്ളതാണെന്ന് ജനശ്രീ മിഷന് ചെയര്മാന് എം.എം. ഹസ്സന് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള സഹകരണസംഘങ്ങളും സര്‍ക്കാറിതര സംഘടനകളും ഇത്രയും കാലം കോടിക്കണക്കിന് രൂപയുടെ വിവിധ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയത് അനധികൃതമാണോയെന്ന് പിണറായി വിജയനും ഐസക്കും വ്യക്തമാക്കണമെന്നും ഹസ്സന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമപ്രകാരവും ചട്ടങ്ങള്‍ പാലിച്ചുമാണ് ജനശ്രീ മിഷന് പദ്ധതി അനുവദിച്ചു കിട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജനയ്ക്ക് സമര്‍പ്പിച്ചതില്‍ 14 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കുടുംബശ്രീ ആവശ്യപ്പെടാത്തതുകൊണ്ടാണ് അവര്‍ക്ക് പദ്ധതി അനുമതി ലഭിക്കാതിരുന്നത്. ജനശ്രീമിഷന് കാര്ഷികപ്രവര്ത്തനങ്ങളില്ലാത്തതിനാല് ഈ പദ്ധതി അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന സി.പി.എം ആരോപണം ശരിയല്ല. ജനശ്രീ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായി നടത്തുന്നുണ്ട്.
ജനശ്രീ കുടുംബശ്രീക്കെതിരാണെന്ന സി. പി. എം നേതാക്കളുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. പാര്‍ട്ടി അനുഭാവികളെ പിന്‍വാതില്‍ നിയമനത്തിലൂടെ കുടുംബശ്രീയില്‍ എത്തിച്ച് നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന സി പി എമ്മാണ് എക്കാലത്തും കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: