കൊച്ചി: നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃഷിഭൂമി നികത്തി വികസനം കൊണ്ടുവരില്ലെന്നും മന്ത്രി കെ. ബാബു. കേരളലാന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പേഴ്സ് അസോസിയേഷന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. നിലവിലുള്ള നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് ആവശ്യമായ മാറ്റങ്ങളും ഇളവുകളും പരിഗണിക്കാവുന്നതാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വേണ്ടത്ര വളര്‍ച്ചയുണ്ടാകാത്തത് സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്ന് മന്ത്രി പറഞ്ഞു. ഫെയര്‍വാല്യു നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നും ഇതില്‍ ഉചിതമായ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷന്‍ഫീസ് വര്‍ദ്ധനവിന്റെ കാര്യത്തില്‍ പ്രായോഗികമായ നിലപാട് സ്വീകരിക്കും. കെട്ടിടനിര്‍മാണ നിയമത്തിലെ പോരായ്മ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുമെന്നും രണ്ട് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്കി.
വികസനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന പ്രശ്നം നിഷ്പക്ഷമോ സ്വതന്ത്രമോ തുറന്ന മനസോടെയോ ഉള്ള ചര്‍ച്ചയോ സമീപനമോ ഉണ്ടാകാത്തതാണെന്ന് ചടങ്ങില്‍ മുഖ്യാഥിതിയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. നമുക്ക് പരിസ്ഥിതിയും വികസനവും വേണം. പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തെ ദുരുപയോഗം ചെയ്യുന്നവരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി തീവ്രവാദം വളര്ന്നുവരികയാണ്്. അതുകൊണ്ടാണ് പല പദ്ധതികളും നടക്കാതെ പോകുന്നത്.
വികസനത്തിന് തടസമാകുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യണം. കാലഹരണപ്പെട്ട നിയമങ്ങള്ഉടന് മാറ്റണം. വികസനകാര്യത്തില്പലപ്പോഴും കാര്യമറിയാതെയാണ് ജനങ്ങളും സംഘനകളും സമരത്തിനിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് എതിര് നില്ക്കുന്ന ഒരാള്‍ക്ക് പോലും രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാകില്ലെന്ന് സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഹൈബി ഈഡന് എംഎല്‍എ പറഞ്ഞു. ഞങ്ങളാരും പരിസ്ഥിതി തീവ്രവാദികളല്ല. പക്ഷേ ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കാനാകില്ല, പരിസ്ഥിതിക്ക് കോട്ടം വരുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. കാലോചിതമായ പരിഷ്കാരങ്ങള്‍ ആവശ്യമാണ്. പക്ഷേ, കൂടിയാലോചനകള്‍ നടത്തണം. ജനപക്ഷ നിലപാടുകളെടുത്തേ ഏത് സംഘടനയ്ക്കും മുന്നോട്ട് പോകാന്‍ കഴിയൂ. അവകാശങ്ങള്‍ക്കായി പോരാടുമ്പോള്ഉത്തരവാദിത്തങ്ങളേറ്റെടുക്കാനും മടിക്കരുതെന്ന് ഹൈബി ഓര്‍മ്മിപ്പിച്ചു.
ക്ലിഡ ചെയര്മാന് ജി.പി. ജോസ്കുട്ടന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ശശി അയ്യഞ്ചിറ, അഡ്വ. സൈബി ജോസ് കിടങ്ങൂര്‍, ഐ.സി. രാജു, തുളസീദാസ് എന്നിവര്‍ സംബന്ധിച്ചു.
പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിക്കൊണ്ട് വികസനം സാദ്ധ്യമാണെന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരള ലാന്‍ഡ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപേഴ്സ് അസോസിയേഷന്.ഭൂമി കൈവശം ഉള്ളവര്‍ അറിഞ്ഞിരിക്കേണ്ടതായ ലാന്‍ഡ് ബാങ്ക്, സിആര്‍ഇസഡ് റൂള്‍സ്, എഫ്എആര്‍, ഭൂമിയെ ഗാര്‍ഹികം, വ്യാവസായികം, കൃഷിയോഗ്യം എന്നിങ്ങനെ മൂന്നായി തരംതിരിക്കല്‍, റവന്യൂ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട വസ്തു അളക്കല്‍, പ്ലോട്ട് വരച്ച് ടാക്സ് ഘടനയും പേമെന്റും, രജിസ്ട്രേഷന് ചാര്‍ജ്ജ് – ചെയ്ഞ്ച്, വസ്തു സംബന്ധമായ കോടതി വിധികള്‍ എന്നിവ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും കെഎല്ഐഡിഎ ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: