കൊല്‍ക്കത്ത: കൊത്താന്‍ കഴിഞ്ഞില്ലെങ്കിലും താന്‍ ചീറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. വിവേകാനന്ദന്റെ ആത്മീയഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനുമായി ബന്ധപ്പെട്ട നാടോടികഥ ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ ഈ പരാമര്‍ശം.
മറ്റുള്ളവരെ കടിക്കരുതെന്നും പകരം വിഷം ചീറ്റി ആളുകളെ ഭയപ്പെടുത്താമെന്നും ശ്രീരാമകൃഷ്ണ പരമഹംസന് മൂര്‍ഖന്‍ നിര്‍ദേശം നല്‍കിയത് ചൂണ്ടിക്കാണിച്ചായിരുന്നു മമത ഇങ്ങനെ പറഞ്ഞത്. മാതാവിനും മനുഷ്യനും മണ്ണിനെയും വണങ്ങാമെന്നും എന്നാല്‍ അധികാരത്തിന്റെ ജീര്‍ണതയ്ക്ക് മുന്നില്‍ തല കുമ്പിടാന്‍ തന്നെ കിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ചെറുകിടവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും രാജിവച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മമത.
പാവങ്ങളാണെങ്കിലും നമുടെ പക്കല്‍ അന്തസ് ഉണ്ട്. ജനാധിപത്യത്തിന്റെ പ്രധാന അടിത്തറ ജനങ്ങളാണ്. ബംഗാള്‍ ഇന്ന് എന്ത് ചിന്തിക്കുമോ അതായിരിക്കും നാളത്തെ ലോകം ചിന്തിക്കുകയെന്നും മമത ബംഗാളില്‍ സംഘടിപ്പിച്ച ഒരു സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: