തിരുവനന്തപുരം: എയര്‍ ഇന്ത്യ കേരളത്തോട് കാട്ടുന്നത് കടുത്ത അനീതിയാണെന്ന് മന്ത്രി കെ.സി ജോസഫ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്കായി കേരളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രവ്യോമയാനമന്ത്രിക്ക് പ്രാദേശികതാല്പര്യം മാത്രമാണുള്ളത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 168 രാജ്യാന്തര സര്‍വീസുകളാണ് ഒരു മാസത്തെ കാലയളവില്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നുള്ള 36 സര്‍വീസുകളില്‍ എട്ടെണ്ണം മാത്രമാണ് നിലവിലുള്ളത്. ഈ മാസം 17 മുതലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഈ വിമാനങ്ങളിലേക്ക് നിലവില്‍ റിസര്‍വേഷന്‍ സ്വീകരിക്കുന്നില്ല. അടുത്ത മാസം 20 വരെ സര്‍വീസ് മുടങ്ങുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്കുന്ന വിവരം. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണെന്ന് പറഞ്ഞ് എയര്‍ ഇന്ത്യയും ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: