ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ നല്കിയ വിശദീകരണത്തിലാണ് സിഎജി നിലപാട് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ യുക്തിസഹവും തര്ക്കമില്ലാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത എവിടെയും തെളിയിക്കാമെന്നും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സിഎജി വ്യക്തമാക്കി.
സിഎജിക്കെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഇതാദ്യമായല്ല സിഎജി ഓഫീസ് കേള്‍ക്കുന്നതെന്ന് വിനോദ് റായി മറുപടി നല്കി. 1980ലെ ബൊഫോഴ്സ് അഴിമതി മുതല്‍ സ്പെക്ട്രം വരെയുള്ള വിഷയങ്ങളില്‍ സിഎജി രാഷ്ട്രീയമായി വിമര്ശിക്കപ്പെട്ടിരുന്നെന്നും എന്നാല്‍ സിഎജിയുടെ റിപ്പോര്‍ട്ട് ശരിയാണെന്ന് തെളിയിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷപാതമില്ലാതെ വസ്തുനിഷ്ഠമായാണ് തങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും വിനോദ് റായി കൂട്ടിച്ചേര്‍ത്തു. ലേലം ഒഴിവാക്കി യുപിഎ സര്‍ക്കാര്‍ സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ഖാനനത്തിനായി അനുവദിച്ചത് വഴി രാജ്യത്തിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: