കോഴിക്കോട്: ഡീസലിന് ഈ മാസം അഞ്ച് രൂപയും പെട്രോളിന് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഏഴ് രൂപയോളം വര്‍ദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഓട്ടോ-ടാക്സി യാത്രാകൂലി അടിയന്തരമായി വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കിയില്ലെങ്കില്‍ കേരളത്തിലെ ഓട്ടോ-ടാക്സി മറ്റ് ചെറുകിട വാഹനങ്ങളെല്ലാം തന്നെ അനിശ്ചിതകാലത്തേക്ക് ഓട്ടം നിര്‍ത്തിവെച്ച് സമരത്തിന് ഇറങ്ങുമെന്ന് കേരള സ്റ്റേറ്റ് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന പ്രസിഡന്റ് കെ.ഗംഗാധരന് പറഞ്ഞു. ചാര്‍ജ്ജ് വര്‍ദ്ധനവിനെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ മുന്നില്‍ ഈ ആവശ്യം നിരവധിതവണ യൂണിയന് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോഴിക്കോട് നടന്ന മോട്ടോര്‍ തൊഴിലാളി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിമുടക്ക് തിയതി അടുത്ത ആഴ്ചത്തതന്നെ മറ്റ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് സംയുക്തമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ കണ്ണൂരിലെ ഗ്യാസ് ടാങ്കര്‍ അപകടത്തിന്റെ പേരില്‍ രാജ്യവ്യാപകമായി ടാങ്കര്‍ ലോറിതടയുകയും ഡ്രൈവര്‍മാരെ അക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അധികൃതര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും യോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനില്‍ കോഴിക്കോട് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്, യൂണിയന് പ്രസിഡന്റ് കെ.കെ. പ്രേമന്, ജില്ലാജനറല്‍ സെക്രട്ടറി പി. പരമേശ്വരന്, കാളക്കണ്ടി ബാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: