ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെയ്ക്കുന്ന ഒഴിവ് വരുന്ന റെയില്‍ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് സൂചന. പരിചയ സമ്പന്നനായ ജയറാം രമേശിന് റെയില്‍വേ വകുപ്പ് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മുകുള്‍ റോയിയാണ് റെയില്‍വേ വകുപ്പ് മന്ത്രി.
രണ്ടാം യുപിഎ മന്ത്രിസഭയില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശിനു കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയോടെയാണു ഗ്രാമവികസന മന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അടുത്തു നില്ക്കുമ്പോള് തന്നെ വന്യജീവി, പരിസ്ഥിതി, വികസനം തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ കേന്ദ്ര നിലപാടിനോടു വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അനുഭവ പരിജ്ഞാനമുള്ള ജയറാം രമേശിനെ റെയില്‍വേയുടെ ചുമതല ഏല്‍പ്പിച്ചു കൂടുതല്‍ ജനകീയ പദ്ധതികളും ജനപ്രിയ നടപടികളും നടപ്പാക്കാനാണു കോണ്‍ഗ്രസ് തീരുമാനം.
തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെയ്ക്കുന്ന സാഹചര്യത്തില്‍ ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഉന്നത വകുപ്പുകള്‍ കൈമാറാനും സാധ്യതയുണ്ട്. അടുത്തകാലത്ത് മന്ത്രിസഭയില്‍ വന്ന നിരവധി ഒഴിവുകള്‍ പുനസംഘടനയിലൂടെ നികത്തിയേക്കും. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജി പോയതും രണ്ടു ഡിഎംകെ മന്ത്രിമാര്‍ രാജിവെച്ച ഒഴിവുകളും നികത്തിയിട്ടില്ല.
ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ടി.ആര്.ബാലു മന്ത്രിസഭയിലെത്തിയേക്കുമെന്ന സൂചനയുണ്ട്. മുസ്ലിം ലീഗിന്റെ ആവശ്യപ്രകാരം ഇ.അഹമ്മദിന് സ്വതന്ത്രചുമതലയുള്ള വകുപ്പ് നല്‍കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. പുനസംഘടനയില്‍ കേരളത്തിന് മന്ത്രിസ്ഥാനം ലഭിച്ചാല്‍ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരില്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും.
അടുത്തിടെ കോണ്‍ഗ്രസിലെത്തിയ നടന് ചിരഞ്ജീവി കേന്ദ്രമന്ത്രിസഭയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പ്രജാരാജ്യം അടുത്തിടെ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നും കെ.റഹ്മാന് ഖാനും കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം പിടിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: