ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെക്കുറിച്ച് തങ്ങള്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. യുപിഎ സര്‍ക്കാര്‍ നിലം പതിച്ചാല്‍ ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്നും സ്വന്തം നിലപാടുകള്‍ കൊണ്ടാകും സര്‍ക്കാരിന്റെ പതനമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്തേണ്ട ആവശ്യം ബിജെപിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി. ഇടക്കാലതെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ പാര്‍ട്ടി തയ്യാറാണോ എന്ന ചോദ്യത്തിന് ബിജെപിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും തെരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും ആരോട് മത്സരിക്കാനും തങ്ങള്‍ സജ്ജരാണെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.
ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള തീരുമാനം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന അദ്വാനിയുടെ ആവശ്യം പാര്‍ട്ടി ചര്‍ച്ച ചെയ്തതാണെന്നും ഗഡ്കരി പറഞ്ഞു. ഈ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപതീരുമാനം നടപ്പാക്കിയാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ കൊണ്ട് ഇന്ത്യ നിറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കുന്ന തീരുമാനമാണിതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അഴിമതിയാരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: