കൊച്ചി: മാതാ അമൃതാനന്ദമയിയുടെ 59-ാം പിറന്നാള്‍ ദിവസമായ സപ്തംബര്‍ 27 ന് 25 കോടി രൂപയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മാതാ അമൃതാനന്ദമയി മഠം ദേശവ്യാപകമായി തുടക്കം കുറിയ്ക്കും; മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്മാന് സ്വാമി അമൃത സ്വരൂപാനന്ദ പത്രക്കുറിപ്പില്‍ അറിയിച്ചതാണിത്.
അമൃത ആശുപത്രിയുടെ ആരംഭകാലം മുതല്‍ നടത്തിവരുന്ന സൗജന്യചികിത്സയുടെ ഭാഗമായി, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 പേര്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയും 50 പേര്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ (ആദ്യഘട്ടം) ശസ്ത്രക്രിയയും പുതിയ സേവന പദ്ധതികളില്‍പ്പെടും. എന്നാല്‍, വൃക്കദാതാക്കളെ രോഗികള്‍തന്നെ കണ്ടെത്തണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അമൃതകുടീരം പദ്ധതിയിലൂടെ കേരളത്തില്‍ ഭവന രഹിതരായ 500 പേര്‍ക്ക് കൂടി വീട് നിര്‍മ്മിച്ച് നല്‍കും. രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ആന്ധ്രപ്രദേശ്, ഒറീസ, പോണ്ടിച്ചേരി, കര്‍ണ്ണാടക, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹം, തമിഴ്നാട് എന്നിങ്ങനെ രാജ്യത്തിന്റെ 75 സ്ഥലങ്ങളില്‍ അമൃത കുടീരം ഭവനങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
കണ്ണൂര്‍ ടാങ്കര്‍ ലോറി ദുരന്തത്തിലും, ശിവകാശി പടക്കനിര്‍മ്മാണ ശാലയിലുണ്ടായ തീപ്പിടിത്തത്തിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കും. ഇതുകൂടാതെ രാജ്യത്തിന്റെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വിധവകള്‍ക്കും, മാനസിക ശാരീരിക വൈകല്യമുള്ളവര്‍ക്കും നല്കി വരുന്ന അമൃതനിധി പെന്ഷന് പദ്ധതി, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിയ്ക്കുന്ന 55,000 പേരില്‍ നിന്നും 58,000 ആക്കി വര്‍ദ്ധിപ്പിയ്ക്കും. കേരളം, മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുട്ടികള്‍ക്ക് നല്കി വരുന്ന വിദ്യാമൃതം വിദ്യാഭ്യാസ സഹായനിധി ഇപ്പോള്‍ ലഭിയ്ക്കുന്ന 37,000 കുട്ടികളില്‍ നിന്നും 40,000 ആക്കി ഉയര്‍ത്തും.
നിര്‍ധനര്‍ക്കുള്ള വീടുകള്‍, സൗജന്യ ഹൃദയ-വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ എന്നിവയ്ക്കു യോഗ്യരായവര്‍ അമൃതപുരിയിലുള്ള മാതാ അമൃതാനന്ദമയി മഠവുമായോ, മഠത്തിന്റെ ഏതെങ്കിലും അംഗീകൃത ആശ്രമ ശാഖകളുമായോ കത്ത് മുഖേനയോ നേരിട്ടോ വിശദവിവരങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
2005 മുതല്‍ യുണൈറ്റഡ് നേഷന്‍സിന്റെ ഇക്കണോമിക് സോഷ്യല്‍ കൗണ്‍സില്‍ പ്രത്യേക കണ്‍സല്‍റ്റേറ്റീവ് സ്റ്റാറ്റസ് നല്‍കിയിരിയ്ക്കുന്ന, അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച എന്‍ ജി ഒ യാണ് മാതാ അമൃതാനന്ദമയി മഠം. ജാതി, മത, വര്‍ഗ്ഗ ഭേദമില്ലാതെ നിരവധി ജനങ്ങള്‍ മഠത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: