വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ മ്യാന്മറിലെ ജനാധിപത്യ പോരാളി ആങ് സാങ് സൂകിയ്ക്ക് സമ്മാനിച്ചു. സൂകി തടവില്‍ കഴിയവെ 2008ല്‍ പ്രഖ്യാപിക്കപ്പെട്ട പുരസ്കാരമാണ് സമ്മാനിച്ചത്.
ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് സ്യൂകി നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ഒരു വിദേശ വ്യക്തിക്ക് അപൂര്‍വ്വയായി നല്കുന്ന അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പുരസ്ക്കാരമാണിത്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ ഒഫ് ഹൗസ് ജോണ്‍ ബോഹ്നറാണ് സൂകിക്ക് പുരസ്ക്കാരം സമ്മാനിച്ചത്. പുരസ്ക്കാരദാന ചടങ്ങില്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്, മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭാര്യ ലോറ ബുഷ് ഉള്‍പ്പെടെ നിരവധി ജനപ്രതിനിധികളും പങ്കെടുത്തു.
മ്യാന്മര് പ്രസിഡന്റിന്റെ പ്രതിനിധിയായി അമേരിക്കയിലെ അംബാസഡര്‍ ഓങ്ങ് മിന്നും പരിപാടിക്കെത്തിയിരുന്നു. മ്യാന്മറിലെ ജനാധിപത്യ പോരാട്ടങ്ങളില്‍ അമേരിക്ക നല്കിയ സഹായത്തിന് നന്ദി അറിയിച്ച സൂകി വൈറ്റ്ഹൗസില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ചയും നടത്തി. ഒരു പൂര്‍ണ്ണ വ്യക്തിയാവാന്‍ സുരക്ഷയും സ്വാതന്ത്ര്യവും അനിവാര്യമാണെന്നും സൂകി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ കൂടുതല്‍ മനുഷ്യത്വത്തിനുള്ള സാധ്യതകളെ അകറ്റുമെന്നും അവര്‍ പറഞ്ഞു.
രണ്ട് ദശാബ്ദത്തിലേറെ നീണ്ട തടവില്‍ നിന്ന് 2010ല്‍ മോചിതയായ ശേഷം ഇതാദ്യമായാണ് 17 ദിവസത്തെ പര്യടനവുമായി സൂകി അമേരിക്കയിലെത്തുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായുള്ള കൂടിക്കാഴ്ചയും യു.എന്‍ പൊതുസമ്മേളന അഭിസംബോധനയും സൂകിയുടെ പര്യടനപരിപാടിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: