ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ വിയോജിച്ച് താനുമായി തെറ്റിപ്പിരിയാനുളള അണ്ണാ ഹസാരെയുടെ തീരുമാനം വേദനാജനകമാണെന്ന് അരവിന്ദ് കെജ്രിവാള്. തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും കെജ്രിവാള് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പറ്റിയ നല്ല സമയമാണിത്. അണ്ണാ ഹസാരെ, തങ്ങളെ ഒഴിവാക്കിയെങ്കിലും പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രചോദനം അദ്ദേഹം തന്നെയായിരിക്കുമെന്നും കെജ്രിവാള് പറഞ്ഞു. പിതൃതുല്യനായിരുന്നു അണ്ണാ ഹസാരെയെന്ന് പറഞ്ഞ കെജ്രിവാള് പല അവസരങ്ങളിലും ഹസാരെ വഴികാട്ടിയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് അന്നാ ഹസാരെ പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്രിവാള് രൂപീകരിക്കാന്‍ ഒരുങ്ങുന്ന രാഷ്ട്രീയപാര്‍ട്ടിയോട് യോജിക്കില്ലെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത വഴിയിലൂടെ മുന്നോട്ടു പോകുമെന്നും തന്റെ ചിത്രം പ്രചരണത്തിന് ഉപയോഗിക്കരുതെന്നും കെജ്രിവാളിനോട് ആവശ്യപ്പെട്ടതായും അണ്ണാ ഹസാരെ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ അത് നടക്കട്ടെ. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാനോ താന്‍ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ 2014ന് മുമ്പെ ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ഹസാരെ ആവശ്യപ്പെട്ടു.
ഹസാരെ സംഘാംഗങ്ങളായ കിരണ്‍ ബേദിയും സന്തോഷ് ഹെഗ്ഡെയും ഹസാരെയ്ക്കൊപ്പമുണ്ട്. എന്നാല്‍ ഹസാരെ സംഘാംഗങ്ങളിലെ പ്രബലരായിരുന്ന ശാന്തിഭൂഷണും മകന് പ്രശാന്ത് ഭൂഷണും കെജ്രിവാളിനൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: