കൊല്‍ക്കത്ത: യുപിഎ സര്‍ക്കാരിനെതിരെ ശക്തമായ കടന്നാക്രമണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി രംഗത്ത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും കുപ്രചാരണങ്ങളും കിംവദന്തികളും നടത്തുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന് പിന്തുണ തുടരുന്ന കാര്യത്തില്‍ സമാജ്വാദി പാര്‍ട്ടി ഇന്ന് തീരുമാനമെടുക്കും. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ബിജെപി വ്യക്തമാക്കി.
ഇന്ധനവില വര്‍ധനയുള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ മമത കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. വസ്തുതകള്‍ വളച്ചൊടിക്കരുതെന്ന് അവര്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞ മമത നിര്‍ണായക തീരുമാനങ്ങള്‍ക്ക് മുമ്പ് തന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ യാതൊരു ആശയവിനിമയവും നടത്താറില്ലെന്നും കുറ്റപ്പെടുത്തി. റൈറ്റേഴ്സ് ബില്‍ഡിംഗില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ‘വസ്തുതകള്‍ വളച്ചൊടിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങളാണ് കോണ്‍ഗ്രസ് എടുത്തുകൊണ്ടിരിക്കുന്നത്. ഇനി അതനുവദിക്കാന്‍ പറ്റില്ല. ടിഎംസി പ്രതികരിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ തന്റെ പ്രതികരണമറിയാന്‍ കോണ്‍ഗ്രസ് യാതൊരു ശ്രമവും നടത്തിയിട്ടില്ല. ചില നിക്ഷിപ്ത താല്പര്യക്കാര്ക്കുവേണ്ടി ഒരു വിഭാഗം ചാനലുകാര് കുപ്രചാരണം അഴിച്ചുവിടുകയാണ്. “കഴിഞ്ഞ നാല് ദിവസമായി തന്നെ ബന്ധപ്പെടാന്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസും ശ്രമിച്ചുവരികയായിരുന്നുവെന്ന യുപിഎയുടെ വാദം തൃണമൂല്‍ നേതാവ് തള്ളി.
“സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഉറച്ച നിലപാടുകള്‍ എടുക്കുമ്പോഴെല്ലാം അതിനെ താറടിക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനും ഒരു വിഭാഗം പതിവായി ശ്രമിക്കുകയാണ്. ഇത്തരം ഗോസിപ്പുകളും ഊഹാപോഹങ്ങളും കെട്ടിച്ചമച്ച വാര്‍ത്തകളും വിശ്വസിക്കാതിരിക്കുകയാണ് നല്ലത്. ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപ തീരുമാനത്തെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ല. അഭിപ്രായ സമന്വയമില്ലാതെ വിദേശനിക്ഷേപ തീരുമാനം നടപ്പാക്കില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ എടുത്ത തീരുമാനം കോണ്‍ഗ്രസ് ലംഘിച്ചിരിക്കുയാണ്,” മമത കുറ്റപ്പെടുത്തി.
ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം, ഡീല്വില വര്‍ധന, എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എന്നിവയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ചയാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടത്. വെള്ളിയാഴ്ച മൂന്ന് മണിക്ക് ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിന് തൃണമൂല്‍ മന്ത്രിമാര്‍ രാജി നല്‍കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ആടിയുലയുന്ന യുപിഎ സര്‍ക്കാരിനെ സഹായിക്കില്ലെന്ന് ബിജെഡി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അസ്ഥിരതയിലാണെന്നും എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും പാര്‍ട്ടി അധ്യക്ഷനും ഒഡീഷാ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്ക് ഭുവനേശ്വറില്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിനെ തന്റെ പാര്‍ട്ടി പിന്തുണക്കുന്ന പ്രശ്നമില്ല. പുതിയ സാഹചര്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യത പരാമര്‍ശിക്കവെ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്ന് അഞ്ച് ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിന് തിരിക്കും മുമ്പ് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
എന്നാല്‍ ബിജെഡിയുടെ പിന്തുണ യുപിഎ സര്‍ക്കാര്‍ ഒരിക്കലും തേടിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ശ്രീകാന്ത് ജേന അവകാശപ്പെട്ടു. ഒഡീഷയില്‍ പരസ്പരം പോരാടുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും ബിജെഡിയും. യുപിഎക്ക് ഭീഷണിയില്ലെന്നും ജേന പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ന്യൂദല്‍ഹിയില്‍ പറഞ്ഞു. ടിഎംസിയുടെ തീരുമാനത്തോടെ യുപിഎയുടെ പതനം ആസന്നമായിരിക്കുകയാണ്. ചില്ലറ വ്യാപാരരംഗത്തെ എഫ്ഡിഐ തീരുമാനം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ബിജെപി ആവശ്യപ്പെടും. അഭിപ്രായസമന്വയമില്ലാതെ ഇത് നടപ്പാക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റവും അഴിമതിയുമല്ലാതെ എന്താണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് ചോദിച്ചു. കേന്ദ്രത്തിന് പിന്തുണ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ യുപിഎ വിട്ടതോടെ 22 ലോക്സഭാ എംപിമാരുള്ള എസ്പിയുടെ നിലപാടാണ് ഇനി ഏറെ നിര്‍ണായകമായിരിക്കുന്നത്.
21 എംപിമാരുള്ള ബിഎസ്പിയുടെ നേതാവ് മായാവതി പുതിയ സംഭവവികാസങ്ങളോട് പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് ഒക്ടോബര്‍ 9 ന് അവരുടെ തീരുമാനം ഉണ്ടായേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഡീസല്‍ വില, വിദേശനിക്ഷേപ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെങ്കില്‍ യുപിഎ സര്‍ക്കാര്‍ പുറത്തുപോകണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഈ പ്രശ്നങ്ങളില്‍ യുപിഎക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണയില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജനവിരുദ്ധ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം 9 ആക്കി ഉയര്‍ത്തിയത് വിവാദമായി. കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളെടുത്ത തീരുമാനം എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് അറിയിച്ചത്. കേന്ദ്രസര്ക്കാരെടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തിനാകമാനം ബാധകമാണെന്നും ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമായി അത് ചുരുക്കുന്നത് ശരിയല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: