വടകര: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് കോടതി കുറ്റപത്രം കൈമാറി. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ ഹാജരായ 59 പ്രതികള്‍ക്കാണ് കുറ്റപത്രത്തിന്റെ കോപ്പികള്‍ നല്‍കിയത്. റിമാന്‍ഡില്‍ കഴിയുന്ന 12 പ്രതികള്‍ക്ക് ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി കുറ്റപത്രത്തിന്റെ കോപ്പികള്‍ നല്‍കിയിരുന്നു. അഞ്ച് പ്രതികള്‍ കോടതിയില്‍ ഹാജാരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രത്തിന്റെ കോപ്പികള്‍ നല്‍കാനായില്ല. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന 13 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 26 വരെ നീട്ടി. ഈ ദിവസം തന്നെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഈ ദിവസം കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണം.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്, എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സരിന് ശശി, കെ. മുഹമ്മദ് സാഹിര്‍, ടി.എം. രാഹുല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് ജില്ലാജയിലില്‍ റിമാന്‍ഡില്‍ കഴിയുമന്ന 14-ാം പ്രതി പി.മോഹനന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്പോയതിനാലും, 26-ാം പ്രതി കാരായി രാജന് മറ്റൊരു കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനാലും 56-ാം പ്രതി സരിന് ശശി പിതാവിന്റെ അസുഖം കാരണം ആശുപത്രിയിലായതിനാലുമാണ് ഹാജരാകാതിരുന്നത്. 52-ാം പ്രതിയായ കെ. മുഹമ്മദ് സാഹിര്‍ ജ്യാമത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടക്കുകയും, 24-ാം പ്രതിയായ കുന്നുമ്മക്കരയിലെ ടി.എം. രാഹുല്‍ പ്രതിപ്പട്ടികയില്പ്പെട്ടന്നറിഞ്ഞതോടെ പിടികൊടുക്കാതെവിദേശത്തേക്ക് കടക്കുകയായിരുന്നു.
കാരായി രാജനെ അടുത്തമാസം മൂന്നിന് കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കും. നേരത്തെ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് ജാമ്യബോണ്ട് പുതുക്കിയ ശേഷം വീണ്ടും കോടതിജാമ്യം അനുവദിച്ചു. ഇതില്‍ പോലീസ് ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് രണ്ടാളുടെ ജാമ്യത്തില്‍ ജാമ്യം വീണ്ടും അനുവദിച്ചു. കൃത്യത്തില്‍ പങ്കെടുത്ത ഏഴ് പേരടക്കം 12 പ്രതികള്‍ക്ക് നേരത്തെ നല്കിയ കുറ്റപത്രത്തില്‍ അപൂര്ണ്ണതഉള്ളതായി പ്രതികളുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് ഒക്ടോബര്‍ മൂന്നിന് പോരായ്മകള്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് മജിസ്ട്രേറ്റ് എം. ശുഹൈബ് ഉത്തരവിട്ടു.
ടി.പി. വധത്തിന്റെ അന്വേഷണം ഇനിയും തുടരാനുണ്ടെന്ന അന്വേഷണസംഘത്തിന്റെ നിലപാട് സാങ്കേതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ കെ. വിശ്വന്, ടി. അശോക്കുമാര്, വിനോദ് ചമ്പാടന്‍, കെ. അജിത്ത് കുമാര്‍ എന്നിവര്‍ ഹാജരായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: