തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ്. ഒക്ടോബര്‍ 10നു മുമ്പ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡീസല്‍ വില 5 രൂപ വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് ഉടമകള്‍ ഈ മാസം 25മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ് നിരക്കു വര്‍ധനയെക്കുറിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് അന്വേഷിക്കുന്നുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് തേടുമെന്നു മന്ത്രി പറഞ്ഞു. മുപ്പതിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ഉടമകളുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
നിരക്കു വര്‍ധന സംബന്ധിച്ചുള്ള നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ടും ഉടനെ ലഭിക്കും. ഇവ രണ്ടും ക്രോഡീകരിച്ചതിനനുസരിച്ചുള്ള നിരക്കായിരിക്കും തീരുമാനിക്കുകയെന്നും ആര്യാടന് വ്യക്തമാക്കി. നിരക്കുകള്‍ എങ്ങനെയായിരിക്കുമെന്നും മിനിമം നിരക്ക്, വിദ്യാര്‍ഥികളുടെ നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും പരാമര്‍ശമുണ്ടായില്ല. ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ആര്യാടന് ഇന്നലെ രാവിലെ പറഞ്ഞിരുന്നു. ചാര്‍ജ് വര്‍ധനയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: