കണ്ണൂര്‍: ക്യാമ്പസ് ഫ്രണ്ട് പോപ്പുലര്‍ഫ്രണ്ട് സംഘം വെട്ടിക്കൊന്ന എബിവിപി നഗര്‍ സമിതി അംഗം സച്ചിന് ഗോപാലിന്റെ വീട് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും സന്ദര്‍ശിച്ചു. സച്ചിന്റെ അച്ഛന്, അമ്മ, സഹോദരന് എന്നിവരെ ഇരുവരും ആശ്വസിപ്പിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത്, ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, വി.ഗോപാലകൃഷ്ണന് തുടങ്ങിയ സംഘപരിവാര്‍ നേതാക്കളും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു.
വോട്ട്ബാങ്ക് നിലനിര്‍ത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ വര്‍ഗ്ഗീയ പ്രീണനം നടത്തുകയാണെന്ന് സന്ദര്‍ശനത്തിനുശേഷം ഒ.രാജഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ പോത്തിന്‍തല വെച്ചത് വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്. ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന നേതൃത്വത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമാണ് സച്ചിന് ഗോപാലിന്റെ ആസൂത്രിത കൊലപാതകമെന്നും രാജഗോപാല്‍ പറഞ്ഞു.
സച്ചിന് ഗോപാല്‍ വധത്തില്‍ പോലീസ് അന്വേഷണം ദുര്‍ബലവും ഏകപക്ഷീയവുമാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. സച്ചിന് ഗോപാലിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ കേസന്വേഷണത്തിന് നടപടി സ്വീകരിക്കണം. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരേയും കണ്ടെത്തണം.
സച്ചിന്റെ കൊലപാതകം ഏകപക്ഷീയമാണ്. ഏറ്റുമുട്ടലിലല്ല ബോധപൂര്‍വ്വമായ അക്രമത്തിലാണ് സച്ചിന് കൊല്ലപ്പെട്ടത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തീവ്രവാദം ശക്തിപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം കൊടുത്തിരുന്നു. ഇത്തരം സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.
ചെങ്ങന്നൂരില്‍ വിശാല്‍ കുമാറിനെ വെട്ടിക്കൊന്ന കേസില്‍ യഥാര്‍ത്ഥ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. സര്‍ക്കാര്‍ നാടിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: