കണ്ണൂര്‍: മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകരായ സച്ചിന്, വിശാല്‍ എന്നിവരുടെ മരണം രാഷ്ട്രസ്നേഹികള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രവിരുദ്ധ പോരാട്ടം നടത്തുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരണയും ശക്തിയും നല്‍കുമെന്ന് എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉമേശ്ദത്ത് ശര്‍മ പറഞ്ഞു. മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകനായ പള്ളിക്കുന്ന് കുന്നാവിലെ സച്ചിന് ഗോപാലിന്റെ 13-ാം ചരമദിനമായ ഇന്നലെ എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നവനീതം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രകാര്യത്തിനായി ബലിദാനം നടത്തിയ വ്യക്തികളെ മുന്നില്‍ക്കണ്ട് അവര്‍ വിശ്വസിച്ച ആദര്‍ശത്തില്‍ അടിയുറച്ചു നിന്ന് രാഷ്ട്രവിരുദ്ധശക്തികള്ക്കെതിരെ സമൂഹത്തെ ഒറ്റക്കെട്ടായി അണിനിരത്താന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണം. ഭാരതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക് മൂവ്മെന്റിന്റെ ഭാഗമായ നിരോധിക്കപ്പെട്ട സിമിയുടെ മറ്റൊരു പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ടും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുമെന്നും മുഖംമൂടിയണിഞ്ഞ് ഇത്തരം സംഘടനകള്‍ സിമി നടത്തിയ അതേരീതിയില്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ശക്തികളായ ഇത്തരം സംഘടനകളെ നിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാവണം. ഇതിന് സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ എബിവിപി ശക്തമായ ദേശീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് എ.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എം.പി.രാജീവന് എന്നിവര്‍ സംസാരിച്ചു.
എബിവിപി സംസ്ഥാന ഉപാധ്യക്ഷന്‍ ജിതിന് രഘുനാഥ് സ്വാഗതവും ജില്ലാ കണ്‍വീനര്‍ കെ.രഞ്ചിത്ത് നന്ദിയും പറഞ്ഞു. ശ്രദ്ധാഞ്ജലി ചടങ്ങില്‍ നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും വിവിധ പരിവാര്‍ സംഘടനകളുടെ നേതാക്കളും സംബന്ധിച്ചു. സച്ചിന്റെ ഫോട്ടോയില്‍ പുഷ്പാപര്ച്ചനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: