കോട്ടയം: താഴത്തങ്ങാടി തളിക്കോട്ട ശ്രീകൃഷ്ണ നിവാസില്‍ രാമകൃഷ്ണക്കുറുപ്പിനെ കാണാതായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. കാണാതായതിനെ തുടര്‍ന്ന് നിരവധി പരാതി അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ ഇവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മാറി മാറി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന് അധികൃതര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് ജന്മഭൂമിയുടെ കൊച്ചി യൂണിറ്റിലെ ജീവനക്കാരനും മകനുമായ ആര്.രാധാകൃഷ്ണന് പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും രാധാകൃഷ്ണന് പറയുന്നു.
2007 സപ്തംബര്‍ 22 നാണ് രാമകൃഷ്ണക്കുറുപ്പിനെ കോട്ടയത്തുനിന്ന് കാണാതാകുന്നത്. സിന്‍ഡിക്കേറ്റ് ബാങ്കിലെ റിട്ട.ഉദ്യോഗസ്ഥനായിരുന്നു. സംഭവദിവസം രാവിലെ തളിക്കോട്ടയിലെ വീട്ടില്‍നിന്നും ടൗണിലേക്കുപോയ രാമകൃഷ്ണക്കുറുപ്പ് പിന്നീട് വീട്ടിലേക്ക് മടങ്ങിവന്നില്ല. അന്ന് രാവിലെ കോട്ടയം തിരുനക്കര ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വെച്ച് മകനെ ഏല്‍പ്പിക്കാന്‍ 4500 രൂപ അയല്‍ക്കാരനായ ഓട്ടോ ഡ്രൈവര്‍ അജയനെ രാമകൃഷ്ണക്കുറുപ്പ് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്രയും തുക ഏല്‍പ്പിക്കാനുള്ള സാഹചര്യമെന്തായിരുന്നുവെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് രാധാകൃഷ്ണന് പറയുന്നു. നാല് മണിയായിട്ടും അച്ഛന് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് അമ്മ ഫോണില്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വിവരം അറിയുന്നത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്തദിവസം കോട്ടം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ രാമകൃഷ്ണ കുറുപ്പിന്റെ ഭാര്യ പി.കെ.രാജമ്മ കഴിഞ്ഞവര്‍ഷം മരിച്ചു.
അഞ്ചരയടിയോളം ഉയരമുള്ള രാമകൃഷ്ണകുറുപ്പിനെ കാണാതാകുന്ന സമയം നീല ഫുള്‍കൈ ഷര്‍ട്ടും വെള്ളമുണ്ടുമാണ് ധരിച്ചിരുന്നത്. കോട്ടയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയില്‍പ്പെട്ടു. ഇതിനിടെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും രാധാകൃഷ്ണന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
അച്ഛന് മടങ്ങിവരുമെന്ന വിശ്വാസത്തിലാണ് രാധാകൃഷ്ണനും സഹോദരിയും. വിവരം ലഭിക്കുന്നവര്‍ മകന് രാധാകൃഷ്ണന്റെ 8547937043 ഈ നമ്പറില്‍ വിളിക്കാന്‍ അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: