തിരുവനന്തപുരം: പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്പതാക്കി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചെങ്കിലും കേരളത്തില്‍ ഈ ആനുകൂല്യം ലഭിക്കുക ബിപിഎല്ലുകാര്‍ക്ക് മാത്രം. ധനമന്ത്രി കെ.എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് ബിപിഎല്‍കാര്‍ക്ക് മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്.
പാര്‍ട്ടി നിര്‍ദേശമനുസരിക്കുകയാണെങ്കില്‍ അധികമായി നല്‍കേണ്ടി വരുന്ന മൂന്ന് സിലിണ്ടറുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് 750 കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഇക്കാര്യം പരിഗണിച്ചാണ് ആനുകൂല്യം ബിപിഎല്‍കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കാനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്.
ആറു സിലിണ്ടറുകളുടെ സബ്സിഡി കേന്ദ്രമാണ് ഇപ്പോള്‍ വഹിക്കുന്നത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അധികം നല്കുന്ന മൂന്ന് സിലിണ്ടറികളുടെ സബ്സിഡി ഇനി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കേരളത്തില്‍ ഇപ്പോള്‍ ഏതാണ്ട് 72 ലക്ഷം ഗ്യാസ് കണക്ഷന് ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെല്ലാം തന്നെ സബ്സിഡി ഇനത്തില്‍ ഒമ്പതു സിലിണ്ടറുകള്‍ നല്കിയാല് അത്രയും തുക സബ്സിഡിയായി നല്‍കുന്നത് ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.
പെട്രോളിന് വില കൂട്ടിയപ്പോഴെല്ലാം സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട അധികനികുതി വേണ്ടെന്ന് വച്ചതിലൂടെ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാകുന്നുണ്ട്. ഡീസല്‍ വില വര്‍ദ്ധിപ്പിച്ചപ്പോഴും നികുതിയിളവ് നല്‍കിയിരുന്നു. ഇതും ഭീമമായ ബാദ്ധ്യതയാണ് സര്‍ക്കാരിന് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒമ്പതു സിലിണ്ടറുകള്‍ ബി.പി.എല്‍ വിഭാഗത്തിന് മാത്രം നല്കിയാല് മതിയെന്ന് ധനമന്ത്രാലയം നിലപാടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: