ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയില്‍ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ യുപിഎയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം പ്രധാന മന്ത്രിയുടെ വസതിയില്‍ ചേര്‍ന്നിരുന്നു.
പ്രധാനമന്ത്രി മന്മോഹന് സിംങ്ങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എ കെ ആന്റണി, പി ചിദംബരം, അഹമ്മദ് പട്ടേല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതായി റയില്‍ മന്ത്രി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് സ്ഥിരീകരിച്ചു.
മമതയെ അനുനയിപ്പിക്കാന്‍ വിട്ടുവീഴ്ചയാകാമെന്നുമുള്ള നിലപാടിലായിരുന്നു സോണിയ ഗാന്ധി. സോണിയ ഗാന്ധി പ്രശ്നപരിഹാരത്തിന് മാധ്യസ്ഥയായി യോഗത്തില്‍ വച്ച് മമതയെ വിളിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ നയപരമായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും തീരുമാനത്തിനു മുന്‍തൂക്കം ലഭിച്ചതിനാലാണ് വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നു കരുതുന്നു.
ഇന്ധനവിലക്കയറ്റം പിന്‍വലിക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യം വെള്ളിയാഴ്ചയ്ക്കകം അംഗീകരിച്ചാല്‍ പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് മമതബാനര്‍ജി വ്യക്തമാക്കിയിരുന്നു. അതേസമയം കോണ്‍ഗ്രസിന് പിന്തുണ നല്കുന്ന കാര്യത്തില്‍ സമാജവാദി പാര്‍ട്ടി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. പിന്തുണയുടെ കാര്യത്തില്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും എസ്.പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് പറഞ്ഞു.
രാജ്യത്തെ ഉടന്‍ ഒരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ ആഗ്രഹമില്ലെന്ന നിലപാടാണ് ബി.എസ്.പി അധ്യക്ഷ മായാവതി സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇതിനിടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അവയ്ലബിള് പോളിറ്റ്ബ്യൂറോ വിലയിരുത്തുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: