ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വിധിക്കെതിരേ കഹാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നിയമസഭയില്‍ കഹാറിന്റെ വോട്ടവകാശവും പുനസ്ഥാപിച്ചു.
ബിഎസ്പി സ്ഥാനാര്‍ഥി പ്രഹ്ലാദന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ അദ്ദേഹം നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് ഒരു മാസത്തെ സമയം അനുവദിച്ച ഹൈക്കോടതി ഈ കാലയളവില്‍ നിയമസഭയില്‍ പങ്കെടുക്കാമെങ്കിലും വോട്ടിംഗ് ഉള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കഹാറിനോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ വര്‍ക്കല കഹാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. നടപടി ഏത് നിയമപ്രകാരമെന്ന് ഹൈക്കോടതി വിശദീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഹാര്‍ അപ്പീല്‍ നല്‍കിയത്. വര്‍ക്കല കഹാര്‍ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വര്‍ക്കലയില്‍നിന്ന് ജയിച്ചത്. സിപിഐഎമ്മിലെ എഎ റഹിമിനെയാണ് പരാജയപ്പെടുത്തിയത്.
സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താലായിരുന്നു പ്രഹ്ലാദന്റെ നാമനിര്‍ദേശപത്രിക വരണാധികാരിയായിരുന്ന സുഭാഷ് ബാബു നിരസിച്ചത്. പത്രികയിലെ ന്യൂനത ചൂണ്ടിക്കാട്ടി അത് പരിഹരിക്കുന്നതിനുള്ള സാവകാശം പ്രഹ്ലാദന് നല്‍കിയില്ലെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: