ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പത് ആക്കാന്‍ നിര്‍ദേശം. കോണ്‍ഗ്രസ് നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്. അധിക മൂന്ന് സിലിണ്ടറുകളുടെ സബ്സിഡി സംസ്ഥാനങ്ങള്‍ വഹിക്കണം.
സബ്സിഡിയോടുകൂടിയ പാചക വാതക സിലിണ്ടറുകളുടെ എണ്ണം ആറാക്കി വെട്ടിച്ചുരുക്കിയ കേന്ദ്ര നടപടിയോട് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഈ നിര്‍ദേശം നല്‍കിയത്. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന ദല്‍ഹിയില്‍ സര്‍ക്കാര്‍ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതേ നിര്‍ദേശം നല്കിയ വിവരം എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് അറിയിച്ചത്.
നിര്‍ദേശം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത വരുത്തിവെയ്ക്കും. 750 കോടി രൂപയുടെ അധികബാധ്യതയാണ് ഇത് മൂലം സംസ്ഥാനത്തിന് ഉണ്ടാകുക. ഓരോ സിലിണ്ടറിനും 400രൂപയോളം സബ്സിഡിയാണ് സര്‍ക്കാര്‍ വഹിക്കേണ്ടി വരുക. പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനെതിരേ കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസ് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
തീരുമാനം ഇടത്തരം കുടുംബങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ആറ് സിലിണ്ടറുകളില്‍ കൂടുതല്‍ വേണ്ടിവരുന്നവര്‍ക്ക് സ്ലാബ് അടിസ്ഥാനത്തില്‍ കുറച്ച് പണം ഈടാക്കി കൂടുതല്‍ സിലിണ്ടറുകള്‍ നല്‍കണമെന്നും കെ.വി തോമസ് നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: