ന്യൂദല്‍ഹി: ദല്‍ഹിയില്‍ കാര്‍ഡിയോളജിസ്റ്റിനെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചു കൊന്നു. മധ്യ ദല്‍ഹിയിലെ രജീന്ദര്‍ നഗര്‍ സ്വദേശി സഞ്ജീവ് ധവാന് (45) ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. രജീന്ദര്‍ നഗറിലെ സര് ഗംഗാറാം ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായിരുന്നു ധവാന്.
പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നാണ് വെടിവച്ചിരിക്കുന്നത്. വീടിന്റെ ബാല്‍ക്കണി വഴിയാണ് അക്രമികള്‍ അകത്തുകടന്നത്. ശബ്ദം കേട്ട ഡോക്ടര്‍ എന്താണെന്ന് പരിശോധിക്കാനെത്തിയപ്പോള്‍ വെടിവയ്ക്കുകയായിരുന്നു. നാലോ അഞ്ചോ തവണ വെടിയുതിര്‍ത്തതായാണ് പോലീസ് നല്കുന്ന വിവരം. ഇയാളുടെ വീട്ടിലെ ജോലിക്കാരിയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഒരാള്‍ തന്നെ ശല്യം ചെയ്യുന്നതായി ഇവര്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍ സഞ്ജീവ് ധവാനോട് പരാതിപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തതിലുള്ള വിരോധമാണോ സംഭവത്തിന് കാരണമെന്നാണ് അന്വേഷിക്കുന്നത്. അക്രമികള്‍ സൈനികവേഷത്തിന് സമാനമായ വേഷവിധാനങ്ങളാണ് ധരിച്ചിരുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: