കൊല്‍ക്കത്ത: യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി തൃണമൂല്‍കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ സഹിക്കാന്‍ വയ്യാതെ യുപിഎയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയ്ക്ക് യുപിഎ സര്‍ക്കാരില്‍ നിന്ന് തൃണമൂല്‍ മന്ത്രിമാര്‍ രാജി വയ്ക്കുമെന്നും മമത അറിയിച്ചു. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയില്ലെന്നും മമത വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷമാണ് മമത നിലപാട് വ്യക്തമാക്കിയത്. യുപിഎ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തിയാണ് മമത പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. കല്‍ക്കരി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതും ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതെന്നും മമത ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടമായതായും അവര്‍ പറഞ്ഞു. ഭീഷണി തന്ത്രമാണ് കോണ്‍ഗ്രസിന്റേതെന്നും എന്നെങ്കിലും ആരെങ്കിലും പൂച്ചക്ക് മണി കെട്ടിയേ തീരൂ എന്നും മമത വ്യക്തമാക്കി.
മുന്നണി മര്യാദ പാലിക്കാത്ത യുപിഎ സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സഹിക്കവയ്യാതെയാണ് യുപിഎ വിടുന്നത്. യുപിഎയിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായിട്ടും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല. ഡീസല്‍ വിലവര്‍ദ്ധന ഉള്‍പ്പെടെയുള്ള സുപ്രധാനതീരുമാനങ്ങളില് അഭിപ്രായം ചോദിച്ചിട്ടില്ല. യുപിക്കും ബീഹാറിനും ബംഗാളിനുമായി ഓരോരോ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. അവഗണന സഹിച്ച് യുപിഎ യില്‍ തുടരാനാകില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം യുപിഎ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചാല്‍ നിലപാടില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.
ഡീസല്‍ വില കൂട്ടിയതും ചില്ലറ വില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതുമാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. തീരുമാനം പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. തൃണമൂല്‍ അനുവദിച്ച 72 മണിക്കൂര്‍ സമയപരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് കൊല്‍ക്കത്തയില്‍ ഭാവി തീരുമാനമെടുക്കാന്‍ തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്നത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികളൊന്നും തൃണമൂലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പശ്ചിമബംഗാളിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക പാക്കേജ് അനുവദിപ്പിക്കാനുള്ള മമതയുടെ തന്ത്രമായിട്ടാണ് സര്‍ക്കാരിന് നല്കിയ മുന്നറിയിപ്പ് വ്യാഖ്യാനിക്കപ്പെട്ടത്. പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്ന് മമത ബാനര്‍ജി പലപ്പോഴും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ മമതയുടെ ഭാഗത്തു നിന്ന് കടുത്ത തീരുമാനം കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മമതയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമം നടത്തിയിരുന്നു. മമതയെ അനുനയിപ്പിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സമവായശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതെയാണ് മമത ശക്തമായ തീരുമാനത്തിലേക്ക് കടന്നത്. രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് കടന്നാല്‍ അതിന് ഉത്തരവാദി തങ്ങളല്ലെന്നും മമത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ പ്രതിസന്ധിയിലായെങ്കിലും സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ആര്‍ജെഡിയും പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനാല്‍ തത്ക്കാലം സര്‍ക്കാരിന് ആശ്വസിക്കാം. 276 എംപിമാരാണ് യുപിഎയ്ക്ക് പാര്‍ലമെന്റിലുള്ളത്. ഇതിനു പുറമേ പുറത്തുനിന്ന് പിന്തുണ നല്കുന്ന എസ്പി. ബിഎസ്പി. ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ എംപിമാരെയും ചേര്‍ത്താല്‍ ഇത് 326 ആകും.
അതേസമയം, ഡീസല്‍ വിലവര്‍ദ്ധനവും പാചകവാതക നിയന്ത്രണവും സഖ്യകക്ഷികളായ ഡിഎംകെ ഉള്‍പ്പെടെയുള്ളവരെ അസംതൃപ്തരാക്കിയിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി ശരിയല്ലെന്ന് പിന്തുണ പിന്‍വലിക്കുന്നതായി മമത പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ എസ്പി പ്രതികരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് മമതയെ പിന്തുണ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചതെന്നും എസ്പി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക തീരുമാനങ്ങള്‍ക്കെതിരെ ഇടത്, ബിജു ജനതാദള്‍ തുടങ്ങിയവര്‍ക്കൊപ്പം ഈ മാസം 20 ന് പ്രതിഷേധസമരം നടത്തുമെന്നും രാം ഗോപാല്‍ അറിയിച്ചു. സര്‍ക്കാരിന്റെ പല തീരുമാനങ്ങളിലും എസ്പി നേതാവ് മുലായം സിംഗ് യാദവും നേരത്തെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. മൂന്നാം മുന്നണിയെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്ന മുലായം സിംഗിനെ സര്‍ക്കാരിന് അന്ധമായി വിശ്വസിക്കാനാകാത്ത സ്ഥിതിയാണ്. ചുരുക്കത്തില്‍ ജനവിരുദ്ധ നയങ്ങളുടെയും അഴിമതിയുടെയും പേരില്‍ സഖ്യകക്ഷികളില്‍ നിന്നും ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന യുപിഎ സര്‍ക്കാരിനേറ്റ കനത്ത ആഘാതമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.
യുപിഎ സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞതായി ബിജെപി മമതയുടെ തീരുമാനത്തോട് പ്രതികരിച്ചു. രാജ്യതാത്പര്യത്തിന് അനുകൂലമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: