തിരുവനന്തപുരം: രണ്ടൂരൂപ വര്‍ദ്ധിപ്പിച്ച് നെല്ല് സംഭരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞതവണ 15 രൂപയ്ക്ക് സംഭരിച്ചിരുന്നത് ഇത്തവണ 17 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈവര്‍ഷം നെല്ല് സംഭരിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കൊടുക്കാനും തീരുമാനമായി. കഴിഞ്ഞ പ്രാവശ്യത്തെ കൊപ്രാ സംഭരണം വിജയകരമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ ചിലവും വഹിക്കാമെന്ന് പറഞ്ഞിട്ടും കൊപ്രാ സംഭരണം വിജയിപ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ കേരകര്‍ഷകര്‍ക്ക് നേട്ടമുണ്ടായില്ല. അടുത്ത സീസണില്‍ കുറവ് നികത്തി മുന്നോട്ടുപോകും. ചീഫ് സെക്രട്ടറിയേയും വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുചേര്‍ത്ത് പരാജയം വിലയിരുത്തി കേന്ദ്ര സഹായം ഉപയോഗപ്പെടുത്തി കര്‍ഷകര്‍ക്ക് പ്രയോജനകരമാവുന്ന തരത്തില്‍ കൊപ്രസംഭരിക്കും.
എട്ടു ഹൈസ്കൂളും മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ഉള്‍പ്പടെ സംസ്ഥാനത്തെ 11 സ്പെഷ്യല്‍ സ്കൂളുകള്‍ എയ്ഡഡ് സ്കൂളാക്കാന്‍ തീരുമാനിച്ചു. കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സെന്‍ട്രല്‍ സ്കൂളിന് വേണ്ടി സര്‍ക്കാരിന്റെ 5.2 എക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കും. ശിവഗിരിയില്‍ കണ്വന്ഷന് സെന്റര്‍ നിര്‍മിക്കാന്‍ മൂന്നു കോടി രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. എമെര്‍ജിംഗ് കേരളയില്‍ വന്ന പദ്ധതികള്‍ പരിശോധിച്ച് അനുമതി നല്കാന് നിക്ഷേപ ക്ലിയറന്‍സ് ബോഡ് രൂപീകരിക്കും. ചീഫ് സെക്രട്ടറിയായിരിക്കും ബോഡിന്റെ ചെയര്മാന്. സംസ്ഥാനം കൂടുതല്‍ നിക്ഷേപ അനുകൂലമാക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചു. ഇതിനായി വനമന്ത്രി ചെയര്‍മാനായി കമ്മിറ്റി ഉണ്ടാക്കും. കൗണ്‍സിലും രൂപീകരിക്കും. വ്യവസായ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്നത് ഈ കൗണ്‍സിലായിരിക്കും. 2013 സെപ്തംബറില്‍ ഗ്ലോബല്‍ ആഗ്രോ മീറ്റ് നടത്താനും തീരുമാനമായി. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കാനുള്ള കാര്യങ്ങളിലും വിശദമായ ചര്‍ച്ചകള്‍ മീറ്റില്‍ സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ കൃഷി ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: