കോഴിക്കോട്: ചെറുവണ്ണൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ മുസ്ലീംലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബിന് ഒത്താശ ചെയ്തുകൊടുത്തത് ഇരുമുന്നണികളും. ഭൂമി കയ്യേറ്റത്തെകുറിച്ച് 2008 ജൂലായ് 14ന് സര്‍ക്കാരിന് നല്കിയ വിശദമായ റിപ്പോര്‍ട്ടില്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഡോ. എ.ജയതിലക് സംസ്ഥാനത്തിന്റെ താല്പര്യത്തിനനുകൂലമായി കയ്യേറ്റഭൂമി തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാരിന് സൂചന നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ ഇടതുമുന്നണി സര്‍ക്കാരും പിന്നീട് വന്ന വലതുമുന്നണിയും ഈ റിപ്പോര്ട്ടിന്മേല് യാതൊരു നടപടിയും സ്വീകരിച്ചില്ല. അതേസമയം ഭൂമി തിരിച്ചുപിടിക്കാതിരിക്കാന്‍ വെസ്റ്റ് ഇന്ത്യ സ്റ്റീല്‍ കമ്പനി പുതിയ വ്യവസായം തുടങ്ങാന്‍ ഒരുങ്ങുകയാണെന്ന് കാണിച്ച് അന്നത്തെ വ്യവസായവകുപ്പ് രംഗത്തിറങ്ങുകയാണ് ചെയ്തത്. ഇതിലെ പൊള്ളത്തരം കാണിച്ച് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തീരുമാനമെടുത്തെങ്കിലും ഒഴിപ്പിക്കല്‍ നടപടിക്ക് അനക്കമുണ്ടായില്ല. അന്നത്തെ മന്ത്രി എളമരം കരീം സ്വീകരിച്ച അതേനിലപാട് ഇന്നും തുടരുന്നു. ഒരു പുതിയ വ്യവസായവും അവിടെ തുടങ്ങിയിട്ടില്ല. ഉള്ളത് വഹാബിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് മോട്ടോഴ്സ് എന്ന സ്ഥാപനം.
സര്‍ക്കാരിന്റെയും സ്വകാര്യ കമ്പനിയുടെയും സംയുക്ത കൈവശാവകാശത്തില്‍ 12.95 ഏക്കര്‍ ഭൂമിയാണ് ചെറുവണ്ണൂരില്‍ വെസ്റ്റ്ഇന്ത്യ സ്റ്റീല്കമ്പനിക്ക് സര്‍ക്കാര്‍ അക്വയര്‍ ചെയ്തത്. 1963ലാണ് ഈ ഭൂമിയില്‍ സ്റ്റീല്‍കമ്പനി ആരംഭിക്കുന്നത്. 1977ല്‍ കമ്പനിയില്‍ ലോക്കൗട്ട് പ്രഖ്യാപിച്ചു. 1997 ഏപ്രില്‍ 10 മുതല്‍ അടച്ചിട്ടിരിക്കുന്ന കമ്പനി സ്ഥലത്ത് അനധികൃതമായി 2006 ജനുവരി 16 മുതല്‍ ഇന്‍ഡസ് മോട്ടോഴ്സ് ലിമിറ്റഡ് എന്ന വഹാബിന്റെ സ്വകാര്യ കമ്പനി തുടങ്ങുകയാണ് ചെയ്തത്. കേരളലാന്റ് അക്വിസിഷന്‍ ആക്ട് സെക്ഷന്‍ 45(എ) പ്രകാരം ഇത് ക്രമവിരുദ്ധമാണെന്ന് ജില്ലാകളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 1964ല്‍ സര്‍ക്കാറും വെസ്റ്റ്ഇന്ത്യാ സ്റ്റീല്കമ്പനിയുമായുണ്ടാക്കിയ കരാറിന്റെയും ലംഘനമാണീ നടപടിയെന്നും കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. കരാറിലെ 4(ബി), സി3 ഇ എന്നിവ പ്രകാരം ഭൂമി സ്റ്റീല്‍ റീ റോളിംഗ് മില്ഫോണ്ടറിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും അങ്ങനെയല്ലാത്തപക്ഷം ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നുള്ള നിബന്ധനകളുടെ ലംഘനമാണെന്നും റവന്യൂ അധികാരികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതനുസരിച്ച് 2008 ജൂണ്‍ 12ന് ജില്ലാഭരണകൂടം നല്കിയ നോട്ടീസിന്റെ മറുപടി തൃപ്തികരമല്ലെന്നും കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നിലവിലുള്ള എല്ലാ രേഖകളും നിയമങ്ങളും സര്‍ക്കാരിന് അനുകൂലമാണെന്നും കയ്യേറ്റം ഉടന്‍ ഒഴിപ്പിക്കണമെന്നും നല്കിയ റിപ്പോര്ട്ടിന്മേലാണ് നാല് വര്‍ഷമായി സര്‍ക്കാരുകള്‍ അടയിരിക്കുന്നത്.
കമ്പനി ലോക്കൗട്ട് പ്രഖ്യാപിച്ചശേഷവും 2006-2007 സാമ്പത്തിക വര്‍ഷം കമ്പനിക്ക് 66.34 ലാഭം കാണിച്ചിരുന്നു. ഇത് ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്കിയ വകയില്‍ ലഭിച്ച പണമായിരുന്നു. വില്പനനികുതിയിനത്തില് 39 ലക്ഷവും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട വകയില്‍ 22 ലക്ഷം രൂപയും ബാധ്യത വരുത്തിയ കമ്പനി റവന്യൂ റിക്കവറി നേരിടുമ്പോഴാണ് അടച്ചിട്ട കമ്പനി ലാഭത്തിലാണെന്ന് കാണിച്ചത്.
സര്‍ക്കാരിന്റേതാണ് കയ്യേറ്റഭൂമിയെന്ന് വ്യക്തമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും രാഷ്ട്രീയ-സാമ്പത്തിക സ്വാധീനത്തിന്റെ സമ്മര്‍ദ്ദഫലമായി ഭൂമി തിരിച്ചുപിടിക്കാന്‍ മടിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. രണ്ടാഴ്ച്ചക്കകം ഭൂമി തിരിച്ചുപിടിച്ചിട്ടില്ലെങ്കില് അത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കഴിഞ്ഞ നാല് വര്‍ഷമായി സമരം ചെയ്യുന്ന ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: