കോട്ടയം: നാടകാചാര്യന് എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകളും നടിയുമായ ജി.ഓമന (80) നിര്യാതയായി. ഒളശയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.
ഒളശ്ശ വിശ്വകേരള കലാസമിതിയിലെ നടിയായിരുന്ന ഓമന രണ്ടു സിനിമയിലും അഭിനയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. 1954ല്‍ ‘അസ്സലാമു അലൈക്കും’ എന്ന നാടകത്തില്‍ ഒരു നടി എത്താതിരുന്നപ്പോള്‍ പകരക്കാരിയായിട്ടാണ് ഓമന അരങ്ങേറുന്നത്. 1989 വരെ അഭിനയരംഗത്ത് തുടര്‍ന്നു. 32 ലേറെ നാടകങ്ങളില്‍ അഭിനയിച്ചു.
ക്രോസ്ബെല്‍റ്റിലെ പട്ടാളം ഭവാനി, കാപാലികയിലെ കടയ്ക്കാവൂര്‍ അത്ത, പ്രേതലോകത്തിലെ അര്‍ത്തുങ്കല്‍ കാര്‍ത്ത്യായനി എന്നിവ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളാണ്. കാപാലിക എന്ന നാടകം 1974ല്‍ സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ ചെയ്തിരുന്ന വേഷം സിനിമയില്‍ ഓമന തന്നെയാണ് അവതരിപ്പിച്ചത്. പിന്നീട് 2008ല്‍ ജയരാജ് സംവിധാനം ചെയ്ത ആനന്ദഭൈരവിയിലും അഭിനയിച്ചു. ദി ജഡ്ജ്മെന്റാണ് അവസാനം അഭിനയിച്ച നാടകം.
വെക്കം അയ്യരുകുളങ്ങര തെത്തത്തില്‍ റിട്ട.ഹെഡ്മാസ്റ്റര് വേലായുധന്‍പിള്ളയുടെയും ഗൗരിയുടെയും ഏകമകളായി 1932 മേയ് 18നാണ് ഓമന ജനിച്ചത്. പതിനാറാമത്തെ വയസിലായിരുന്നു വിവാഹം. രണ്ടുമാസത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. അച്ഛന്റെ മരണശേഷം ഒളശ്ശയിലേക്കു താമസം മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: