തിരുവനന്തപുരം: ടി.പി വധത്തില്‍ തന്റെ നിലപാടുകൊണ്ട് പാര്‍ട്ടിയെ വെട്ടിലാക്കിയ വി.എസ്.അച്യുതാനന്ദന് കൂടംകുളം വിഷയത്തിലും പാര്‍ട്ടിക്ക് തലവേദനയാകുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും പാര്‍ട്ടി നിലപാടിനെയും തള്ളിപ്പറഞ്ഞ വി.എസ് ഇന്ന് കൂടംകുളം സന്ദര്‍ശിക്കും. പാര്‍ട്ടിയുടെ തമിഴ്നാട് ഘടകത്തിന്റെ എതിര്‍പ്പിനെയും മറികടന്നുള്ള വി.എസിന്റെ നീക്കം സിപിഎമ്മിനെ കൂടംകുളം വിഷയത്തില്‍ വെട്ടിലാക്കും.
കൂടംകുളം സന്ദര്‍ശിക്കുമെന്ന് വി.എസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തീയതി പറഞ്ഞിരുന്നില്ല. യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ കൂടംകുളം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ഇന്നു കൂടംകുളത്തെത്തുമെന്ന് വി.എസ് പ്രഖ്യാപിച്ചത്. കൂടംകുളത്തെ ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും എന്തൊക്കെയാണെന്ന് മനസിലാക്കും. വ്യക്തമായ പഠനങ്ങള്‍ക്കുശേഷം ജനങ്ങളുടെ ഭീതിയകറ്റി മാത്രമേ പദ്ധതി ആരംഭിക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ ശരിയായ പഠനങ്ങള്‍ അത്യാവശ്യമാണ്. ജനങ്ങള്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയും വെടി വച്ചും പദ്ധതി നടപ്പാക്കുന്ന നിലപാടു ശരിയല്ല. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് വി.എസ് തമിഴ്നാട് ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. സാംസ്കാരിക പ്രവര്‍ത്തകരെ തടയുകയും അറസ്റ്റ്ചെയ്യുകയും ചെയ്ത നടപടിയിലും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വി.എസ് പറഞ്ഞു. കോടികള്‍ മുടക്കി ആരംഭിക്കുന്ന പദ്ധതി വേണ്ടെന്നു വയ്ക്കുക എളുപ്പമല്ലെന്നുള്ള സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ വി.എസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: