മുംബൈ: റിസര്‍വ് ബാങ്കിന്റെ മധ്യപാദ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്സ് നിരക്കുകളില്‍ മാറ്റമില്ല. പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുന്നതിനാല് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്നാണ് ആര്‍ബിഐ തീരുമാനം. അതേസമയം കരുതല്‍ ധനാനുപാതം 25 പോയിന്റ് കുറച്ചു.
പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വായ്പാനയം പുറത്തിറക്കിയത്. സിആര്‍ആര്‍ നിരക്ക് കുറച്ചതോടെ വിപണിയിലേക്ക് 17,000 കോടി രൂപ അധികമായി എത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ ഓഹരിവിപണി ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളില്‍ ഉണര്‍വുണ്ടാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ആര്‍ബിഐ സിആര്‍ആര്‍ നിരക്കും കുറച്ചത്. നാണയപ്പെരുപ്പം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ആര്‍ബിഐ പരിഗണിച്ചു.
ഡീസല്‍വില 12 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതിനാല്‍ പണപ്പെരുപ്പ നിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. കൂടാത അമേരിക്കയും യൂറോപ്യന്‍ കേന്ദ്രബാങ്കും സ്വീകരിച്ച നടപടികള്‍ വഴി സ്വര്‍ണം, അസംസ്കൃത എണ്ണ എന്നിവയുടെ വില രാജ്യാന്തര വിപണികളില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതും രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകും.
മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ നിരക്ക് ഓഗസ്റ്റില്‍ 7.55 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലൈയില്‍ ഈ നിരക്ക് 6.87 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: