കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ടി പി കേളുനമ്പ്യാര്‍ അന്തരിച്ചു. എറണാകുളം കാരിക്കാമുറി റോഡിലെ ‘അനാമിക’ വീട്ടില്‍ പകല്‍ മൂന്നരയോടെയായിരുന്നു മരണം. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ പതിവ് ചായ കൂടി സമയമായിട്ടും എണീറ്റു വരാത്തതിനെ തുടര്‍ന്ന് മരുമകള്‍ ചെന്നു നോക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 86 വയസ്സായിരുന്നു. സംസ്കാരം തിങ്കളാഴ്ച 12ന് രവിപുരം ശ്മശാനത്തില്‍ നടക്കും.
നിയമ അധ്യാപകനെന്ന നിലയിലും ഇദ്ദേഹം ശ്രദ്ധയനായിരുന്നു. കണ്ണൂര്‍ പുഴാതി അളവറ പുതിയ വീട്ടില്‍ കേളു നമ്പ്യാരുടെയും തവറൂല്‍ പുതിയിടത്ത് പാര്‍വതിയമ്മയുടെയും മകനാണ്. മംഗലൂരു സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന്് ബിഎ ബിരുദം നേടിയ ഇദ്ദേഹം മദ്രാസ് ലോ കോളേജില്‍നിന്ന് 1953ലാണ് ബിഎല്‍ ബിരുദം സമ്പാദിച്ചത്. എ കെ ജിയുടെ അടുത്ത ബന്ധു കൂടിയായ പ്രഗത്ഭ അഭിഭാഷകന് എ അച്യുതന്നമ്പ്യാരുടെ ജൂനിയറായി അഭിഭാഷകജീവിതം ആരംഭിച്ചു. ഐക്യകേരളപ്പിറവിക്കുശേഷം ഹൈക്കോടതി എറണാകുളത്തേക്കു മാറിയപ്പോള്‍ കൊച്ചിയിലേക്ക് താമസംമാറ്റി. 1961 മുതല്‍ എറണാകുളം ലോ കോളേജില്‍ വിസിറ്റിങ് ഫാക്കല്‍റ്റി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, തമ്പാന് തോമസ് തുടങ്ങിയവര്‍ നമ്പ്യാരുടെ വിദ്യാര്‍ഥികളായിരുന്നു കാല്‍നൂറ്റാണ്ടോളം അഭിഭാഷകരുടെ അച്ചടക്കസമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനം വഹിച്ചു. കേരള യൂണിവേഴ്സിറ്റി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കെല്‍ട്രോണ്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റാണ്.
നിയമ പ്രശ്നങ്ങളില്‍ കേരളം കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. നിയമത്തിലെയും ഭരണഘടനയുടെയും സങ്കീര്‍ണമായ പ്രശ്നങ്ങളുടെ കുരുക്കഴിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. താന്‍ ഇടപെടേണ്ട പ്രശ്നങ്ങളില്‍ മാധ്യമങ്ങളെ വിളിച്ചു വരുത്തി പ്രതികരിക്കാനും ഇദ്ദേഹം തയ്യാറായിരുന്നു. കൊച്ചിയെ പ്രതിസന്ധിയിലാക്കിയ വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങളില്‍ പോലും മുഖ്യമന്ത്രിക്ക് കത്തെഴുതിയും അധികാരികളുടെ കണ്ണ് തുറപ്പിക്കുന്ന ഇടപെടല്‍ നമ്പ്യാര്‍ നടത്തിയിട്ടുണ്ട്.
മന്ത്രി കെ ബാബു, കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി, ജസ്റ്റിസുമാരായ പി കെ ഷംസുദ്ദീന്, കെ നാരായണകുറുപ്പ്, അഡ്വ. എം കെ ദാമോദരന്‍, ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, പ്രൊഫ. എം അച്യുതന് തുടങ്ങി ഒട്ടേറെ പേര് അന്തിമോപചാരമര്‍പ്പിച്ചു. അഭിഭാഷകപരിഷത്ത് ദേശീയ സമിതിയംഗം അഡ്വ. എന്‍. നഗരേഷ് അനുശോചിച്ചു.
‘നമ്പ്യാര്‍ മിസ്ലനി’ എന്ന പേരില്‍ മൂന്ന് ഭാഗങ്ങളുള്ള കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തന്റെ സീനിയറായിരുന്ന അച്യുതന്നമ്പ്യാരുടെ മകള്‍ ഡോ. ഹേമലതയാണ് ഭാര്യ. മക്കള്‍: ചന്ദ്രമോഹന്(പാലക്കാട്), ശ്യാമള(പാലക്കാട്), രാധിക(മുബൈ). മരുമക്കള്‍: ഗീത മോഹന്‍(പാലക്കാട്), വിനോദ്കുമാര്‍ (പാലക്കാട്), നന്ദകുമാര്‍(മുബൈ). സഹോദരങ്ങള്‍: നാരായണന് നമ്പ്യാര്‍(അഭിഭാഷകന്, ഊട്ടി) യശോദ, സരോജിനി, വേലായുധന് നമ്പ്യാര്‍, പരേതരായ ജാനകി, ഗോപാലന് നമ്പ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: