കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ നാറ്റോ കേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ അന്താരാഷ്ട്ര സേനയിലെ നാല് ഭടന്മാര് കൊല്ലപ്പെട്ടു. മുസ്ലീംവിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന സിനിമ അമേരിക്കയില്‍ പുറത്തിറങ്ങിയതിന് പിന്നാലെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്ന് കരുതുന്നു. കഴിഞ്ഞ ശനിയാഴ്ച ലോക്കല്‍ പോലീസിലെ അഫ്ഗാന്‍കാരനായ തോക്കുധാരി തെക്കന്‍ ഹെല്‍മന്ദ് പ്രവിശ്യയില്‍ രണ്ട് ബ്രിട്ടീഷ് ഭടന്മാരെ വെടിവെച്ച് കോന്നിരുന്നു.
വിദേശ, അഫ്ഗാന് സേനകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന ചെക്ക് പോയിന്റുകളിലും മറ്റുമാണ് പരസ്പരമുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇതോടെ ഇക്കൊല്ലം കൊല്ലപ്പെട്ട സഖ്യസേനാംഗങ്ങളുടെ എണ്ണം 51 ആയി. ഇവരില്‍ ഏറെയും അമേരിക്കക്കാരാണ്. ഇതിനിടെ, കിഴക്കന്‍ ലാഗ്മാന്‍ പ്രവിശ്യയിലെ മലനിരകളില്‍ വിറക് ശേഖരിക്കുകയായിരുന്നവര്ക്കുനേരെ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ എട്ടോളം സ്ത്രീകള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
ഒട്ടേറെ സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടതില്‍ ഖേദമുണ്ടെന്ന് യുഎസ് നയിക്കുന്ന നാറ്റോ സേനയുടെ വക്താവ് പറഞ്ഞു. വ്യോമാക്രമണങ്ങളില്‍ സാധാരണ ജനങ്ങള്‍ കൊലപ്പെടുന്നതില്‍ അഫ്ഗാന് പ്രസിഷഡന്റ് ഹമീദ് അന്‍സാരി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് വീടുകള്‍ക്ക് നേരെ ആക്രമണം പാടില്ലെന്ന് നാറ്റോ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്കുകയുമുണ്ടായി. അഫ്ഗാന് സൈന്യം അറിയാതെയാണ് നാറ്റോ സേന ഇന്നലെ ആക്രമണം നടത്തിയതെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ച് പ്രവിശ്യാ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. വ്യോമാക്രമണങ്ങളില്‍ ഒട്ടേറെ ഭീകരരും കൊല്ലപ്പെട്ടതായി നാറ്റോ സേന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: