കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കേരള പോലീസിന്റെ അന്വേഷണം കൃത്യമായ ദിശയിലാണ് പുരോഗിക്കുന്നത്. അവര്‍ക്ക് അന്വേഷണത്തിന് ഇനിയും സമയം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ ഉത്ക്കണ്ഠ മനസിലാക്കുന്നു. നിരന്തരം സിപിഎം അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനാല്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപെട്ടുപോകുമോയെന്നാണ് രമയുടെ ആശങ്കയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
നിലവിലെ അന്വേഷണം തൃപ്തികരമാണ്. അവര്‍ക്ക് വിജയം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ സിബിഐയ്ക്ക് കേസ് കൈമാറേണ്ട കാര്യമുള്ളു. ഏറ്റവും സമര്‍ഥരായ ഉദ്യോഗസ്ഥരാണ് നിലവിലെ അന്വേഷണ സംഘത്തില്‍ ഉള്ളതെന്നും നിലവിലെ അന്വേഷണം പൂര്‍ത്തിയാകില്ലെന്ന് ആരും പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിലവിലെ അന്വേഷണ സംഘത്തിന് ഒരവസരം കൂടി നല്‍കണമെന്നും ടിപിയുടെ മരണവാറണ്ടില്‍ ഒപ്പിട്ടവരെ കണ്ടെത്താന്‍ അവര്‍ക്കാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേസില്‍ വേണമെങ്കില്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്ന് മുല്ലപ്പള്ളിയായിരുന്നു ആദ്യം പറഞ്ഞത്.
സിബിഐ അന്വേഷണമെന്ന കെ കെ രമയുടെ ആവശ്യം ന്യായമെന്ന് നേരത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു വിഭിന്നമായി സിബിഐയുടെ ആവശ്യമില്ലെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: