ന്യൂദല്‍ഹി: ബംഗളുരു, ദല്‍ഹി സ്ഫോടനക്കേസുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഫാസിഹ് മുഹമ്മദിനെ ഇന്ത്യയ്ക്കു കൈമാറുന്ന നടപടി സൗദി അറേബ്യ മരവിപ്പിച്ചു. ഫാസിഹ് മുഹമ്മദ് സൗദിയില്‍ വന്നത് എന്തിനാണെന്ന് അന്വേഷിച്ച ശേഷം ഇന്ത്യയ്ക്ക് കൈമാറാം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രമണക്കേസിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്ന കരുതപ്പെടുന്ന അബു ജുന്‍ഡാലിനെ ജൂണില്‍ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. ഇതിനു ശേഷം സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം സൗദി വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച പോലീസ് ഇന്‍സ്പെക്ടര്‍ ജനറലുമാര്‍ക്കും ഡയറക്ടര്മാര്ക്കുമായി നടത്തിയ സമ്മേളനത്തില്‍ ജുന്‍ഡാലിനെ കൈമാറിയതുമായി ബന്ധപ്പെട്ട് വാര്‍ത്ത പുറത്തായതും ഇന്ത്യന്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടിയതും സൗദി ഭരണകൂടത്തെ അതൃപ്താരാക്കിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് പറഞ്ഞിരുന്നു. ജൂണിലാണ് ജുന്ഡലിനെ സൗദി നാടുകടത്തിയത്.
ഫാസിഹിന്റെ കൈമാറ്റത്തിന് സമയമെടുക്കുമെന്നാണ് സൗദി അധികൃതര്‍ ഇപ്പോള്‍ നല്കുന്ന മറുപടി. ഇരുപത്തിയെട്ടുകാരനായ ഫാസിഹ് മുഹമ്മദ് എന്‍ജിനീയറാണ്. നിരോധിത സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ബംഗളുരുവിലുണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തിലും ദല്‍ഹി മസ്ജിദിന് സമീപമുണ്ടായ വെടിവെയ്പിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഫാസിഹിനെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: