തിരുവനന്തപുരം: കൂടംകുളം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂടംകുളത്തേയ്ക്ക് ആരംഭിച്ച ബഹുജനമാര്‍ച്ച് പോലീസ് തടഞ്ഞു. കേരള- തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്.
തമിഴ്നാട് പോലീസിന്റെ നിര്‍ദേശപ്രകാരം കേരള പോലീസാണ് യാത്ര തടഞ്ഞത്. മാര്‍ച്ച് കവയത്രി സുഗതകമാരിയാണ് പാറശാലയില്വെച്ച് ഉദ്ഘാടനം ചെയ്തത്. സാറാ ജോസഫ്, കെ. അജിത, സി.ആര് നീലകണ്ഠന്, ബി.ആര്.പി ഭാസ്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്നുണ്ട്.
ആണവനിലയത്തിനെതിരായ പോസ്റ്ററുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധത്തില്‍ ആളുകള്‍ അണിനിരന്നത്. കൂടംകുളം സമരം ഇപ്പോള്‍ തന്നെ വിജയിച്ച സമരമായിട്ടാണ് താന്‍ കാണുന്നതെന്നും എന്നാല്‍ ഇത് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. ഇവര്‍ക്ക് വരും തലമുറ മറുപടി നല്കട്ടെയെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കൂടംകുളം സമരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. തിരുനെല്‍വേലി, തൂത്തുക്കുടി ഉള്‍പ്പെടെയുള്ള പത്ത് കേന്ദ്രങ്ങളില്‍ ഉപവാസ സമരവും മൗനവ്രതവും തുടരുകയാണ്. അതിനിടെ ഒളിവിലുള്ള സമരസമിതി നേതാവ് ഉദയകുമാറിന് വേണ്ടിയുള്ള പോലീസ് തെരച്ചില്‍ തുടരുകയാണ്.
ആണവ നിലയത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ പോലീസ് നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: