ന്യൂദല്‍ഹി: രാജ്യത്തെ സാധാരണ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന ഡീസല്‍വില വര്‍ധനയെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ന്യായീകരിച്ചു. ശരിയായ ദിശയിലുള്ള നടപടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ ഊര്ജനിരക്കുകള് ലോകനിരക്കുകളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ ഏകീകരിക്കേണ്ടത് നിര്‍ണായകമാണെന്നും അടുത്തയിടെ ഡീസല്‍ വില കൂട്ടിയ നടപടി ശരിയായ ദിശയിലുള്ള സുപ്രധാന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. 12-ാം പഞ്ചവത്സര പദ്ധതിരേഖ അംഗീകരിക്കാന്‍ വിളിച്ചുചേര്‍ത്ത ആസൂത്രണ കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടുകയും സബ്സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം ആറെണ്ണമായി നിജപ്പെടുത്തുകയും ചെയ്തതിനെതിരെ രാജ്യവ്യാപകമായി മുറവിളി ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരസ്യമായ ന്യായീകരണം. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സാമ്പത്തികരംഗം ശക്തിപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
“സമഗ്രമായ നയ അവലോകനം ആവശ്യമുള്ള ദുഷ്ക്കരമായ മേഖലയാണ് ഊര്‍ജം. ഊര്‍ജക്കമ്മി നേരിടുന്ന നാം അതിന്റെ ഇറക്കുമതിയെ വര്‍ധിച്ച തോതില്‍ ആശ്രയിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉല്പാദനവും ഊര്‍ജത്തിന്റെ കാര്യക്ഷമമായ ഉപഭോഗവും വര്‍ധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഊര്‍ജസുരക്ഷക്ക് നിര്‍ണായകമാണ്,” അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ചില്ലറവ്യാപാര രംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി കൊടുത്തതിനും ഡീസല്‍ വില കൂട്ടിയതിനുമെതിരെ പ്രമുഖ യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ നിശിതമായി വിമര്‍ശിച്ചു. വ്യക്തിപരമായ നേട്ടം ഉണ്ടാക്കുന്നതിലുപരി സാധാരണജനത്തിന്റെ ദുരിതങ്ങള്‍ തിരിച്ചറിയാന്‍ രാഷ്ട്രീയനേതാക്കള്‍ തയാറാകണമെന്ന് ടിഎംസി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ‘ലക്ഷ്മണരേഖ’ കടക്കരുതെന്ന് അവര്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്കി.
‘സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ല. എന്നാല്‍ സഖ്യത്തിന്റെ ലക്ഷ്മണരേഖയെക്കുറിച്ച് അവര്‍ മറക്കാന്‍ പാടില്ല.’ വിലവര്‍ധനയെക്കുറിച്ചുള്ള പുനര്‍ചിന്തനത്തിന് 72 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. തീരുമാനം പിന്‍വലിച്ചാല്‍ നല്ലത്. അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ക്ക് ഒരുങ്ങിക്കൊള്ളുക.” ഡീസല്വിലവര്ധനവിനെതിരെ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിഷേധറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിന് മുന്നറിയിപ്പ് നല്കി.
ജനവിരുദ്ധമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ അംഗീകരിക്കില്ല. ഒരുപിടി ആളുകളില്‍നിന്ന് നാലഞ്ചുപേര്‍ക്ക് വ്യക്തിപരമായി നേട്ടമുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നത് നേതാക്കള്‍ അവസാനിപ്പിക്കണം. ഇത് ഒരു രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണ്, അവര്‍ പറഞ്ഞു.
സമൂഹത്തിന്റെ മേല്ത്തട്ടിലുള്ളവരെക്കാള് രാജ്യത്തെ പൊതുജനങ്ങളെക്കുറിച്ച് ചിന്തിക്കണം. മേല്‍ത്തട്ട് വിഭാഗം ജനസംഖ്യയില്‍ ഒരു ശതമാനവും അവശേഷിക്കുന്ന 99 ശതമാനം സാധാരണ ജനങ്ങളുമാണ്, മമത ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡീസല്‍ ലിറ്ററിന് അഞ്ച് രൂപ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയത്. തൊട്ടടുത്ത ദിവസം മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ രംഗത്ത് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനും കേന്ദ്രം അനുമതി കൊടുത്തതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. അതേസമയം, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രണ്ട് തീരുമാനങ്ങളെയും മുഴുവന്‍ വ്യവസായസമൂഹവും പ്രകീര്‍ത്തിക്കുകയുംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: