കൊച്ചി: എമെര്‍ജിംഗ് കേരള നിക്ഷേപകസംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികള്‍ക്കായി 2000 ഏക്കറോളം പാടം നികത്താനുള്ള ആവശ്യം വിവാദമാകും. വിവിധ നിക്ഷേപകസംരംഭകര്ക്കായി ഭൂമി കണ്ടെത്തുന്നതിനാണ് തണ്ണീര്‍ത്തടങ്ങളും പാടങ്ങളും നികത്തണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്ഐഡിസി) കിന്‍ഫ്രയും വ്യവസായവകുപ്പിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞതായും പറയുന്നു.
കൊച്ചിയില്‍ ബിപിസിഎല്ലിന്റെ സംയുക്ത സംരംഭമായ പെട്രോകെമിക്കല്‍ പ്രൊജക്ടിന് 350 ഏക്കര്‍ തണ്ണീര്‍ത്തടവും പാടവും നികത്തേണ്ടിവരുമെന്നാണ്് കെഎസ്ഐഡിസി കണക്കുകൂട്ടുന്നത്. 6000 കോടിയുടെ മൂലധനനിക്ഷേപമാണ് പദ്ധതിക്ക് വേണ്ടിവരുന്നത്. ഇതുകൂടാതെ കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴിക്ക് 500 ഏക്കര്‍ നെല്‍വയലും ഏറ്റെടുത്ത് നികത്തേണ്ടതായിവരും.
ഇതുസംബന്ധിച്ച നിര്‍ദ്ദേശം കെഎസ്ഐഡിസിയുടേതാണ്. സര്‍ക്കാരിന്റെ പരിഗണനയിലുള്ളതും എമെര്‍ജിംഗ് കേരളയില്‍ ധാരണയായതുമായ മറ്റൊരു വന്‍കിട പദ്ധതിയാണ് ആമ്പല്ലൂരിലെ ഇലക്ട്രോണിക് പാര്‍ക്ക്. 333 ഏക്കര്‍ ഭൂമി ഇതിനായി തയ്യാറാക്കേണ്ടിവരും. ഭൂരിഭാഗവും നീര്‍ത്തടങ്ങളും നെല്‍വയലുകളുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചന. 53,825 കോടിയാണ് സ്വകാര്യ സംയുക്ത സംരംഭത്തിന്റെ മൂലധനനിക്ഷേപം കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരം വെയിലൂരിലെ ലൈഫ് സയന്‍സ് പാര്ക്കിന് 260 ഏക്കറാണ് ഏറ്റെടുക്കേണ്ടതായിവരിക. പദ്ധതികള്‍ക്ക് നിശ്ചിത സമയപരിധിക്കകം അനുമതി നല്കണമെങ്കില് ഭൂമി സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ദ്രുതഗതിയിലാകേണ്ടതുണ്ട്. ഇതിനുവേണ്ടിയാണ് ഓരോ നിക്ഷേപപദ്ധതിക്കും ഏകദേശം എത്ര ഭൂമി ആവശ്യമായിവരും എന്ന കാര്യം കെഎസ്ഐഡിസി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പരിസ്ഥിതിക്ക് ദോഷകരമായ വിധത്തിലും കൃഷിഭൂമിയും വ്യാവസായികാവശ്യങ്ങള്‍ക്കായി ഏറ്റെടുക്കില്ലെന്നാണ് സര്‍ക്കാര്‍ പലപ്പോഴും പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എമെര്‍ജിംഗ് കേരള നിക്ഷേപകസംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പല പദ്ധതികളും വന്‍തോതില്‍ ഭൂമി ആവശ്യമുള്ളവയാണ്. മുന്‍കൂട്ടി ഇതിനായുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിവന്നതായും 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഭേദഗതി വരുത്തി ഭൂമി ഏറ്റെടുക്കല്‍ സാധ്യമാക്കുന്നതിനുള്ള നടപടികള്‍ അണിയറയില്‍ പുരോഗമിക്കുന്നതായും വ്യക്തമായ സൂചനകള്‍ പുറത്തുവരുന്നുണ്ട്.
ഇതിനിടെ ‘എമെര്‍ജിംഗ് കേരള’ നിക്ഷേപകസംഗമത്തില്‍ ധാരണയായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളെക്കുറിച്ചും അവ്യക്തത തുടരുകയാണ്. സംഗമത്തിന്റെ സമാപന ദിവസം ഉച്ചക്ക് ധനകാര്യമന്ത്രി കെ.എം. മാണി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് 2.5 ലക്ഷം കോടിയുടെ പദ്ധതികള്‍ ധാരണയായി എന്നാണ്. എന്നാല്‍ ഇതിനുശേഷം നടന്ന നിക്ഷേപകസംഗമത്തിന്റെ സമാപനത്തില്‍ 40000 കോടിയുടെ നിക്ഷേപപദ്ധതികളെക്കുറിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മന്ത്രിസഭായോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാകട്ടെ അവ്യക്തത നിറഞ്ഞ രീതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
ഇതിനിടെ വോക്സ്വാഗന് എന്ന കാര്‍നിര്‍മാണ കമ്പനി 2000 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്‍വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എഞ്ചിന് അസംബ്ലി യൂണിറ്റ് കൊച്ചിയിലോ തിരുവനന്തപുരത്തോ സ്ഥാപിക്കാന്‍ ധാരണയായതായാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ എമെര്‍ജിംഗ് കേരളയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നും പദ്ധതിയെക്കുറിച്ച് അറിയില്ലെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. കമ്പനിയുടെ അറിവില്ലാതെ എങ്ങനെ ഇത്തരം ഒരു പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടായി എന്നത് ദുരൂഹമാണ്. വോക്സ്വാഗണ് കാറുകളുടെ കേരളത്തിലെ പ്രധാന ഡീലര്മാരിലെരാള് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവാണെന്ന് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: