ഒരുവലിയ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് എന്നെ കാണാന്‍ എന്റെ കൊച്ചുവീട്ടിലേക്ക് വന്നപ്പോള്‍ അത് മറക്കാനാവാത്ത അനുഭവമായിരുന്നു. എന്നോടൊപ്പം ഭാര്യയും കുട്ടികളും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടുപോയി.
അനന്തപുരം സര്‍വ്വീസ് സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വേദിയിലാണ് അന്ന് ആര്‍എസ്എസിന്റെ സര്‍സംഘ ചാലക് ആയിരുന്ന കെ.എസ്.സുദര്‍ശന്‍ജിയെ പരിചയപ്പെടുന്നത്. അഞ്ചെട്ട് വര്‍ഷം മുമ്പായിരുന്നു അത്. നാടെങ്ങും വരള്‍ച്ച അനുഭവപ്പെട്ട ആ സമയത്ത് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതല്‍ ജലപ്രശ്നമായിരുന്നു. വെള്ളം സംഭരിക്കാതെ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സമര്‍ത്ഥിച്ച അദ്ദേഹത്തിന്റെ വാക്കുളെ പരാമര്‍ശിച്ച് തന്നെയായിരുന്നു ഞാനും പ്രസംഗിച്ചത്.
മലയാളത്തിലുള്ള എന്റെ വാക്കുകള്‍ അദ്ദേഹം മനസ്സിലാക്കുമെന്ന് കരുതിയില്ല. പക്ഷേ അദ്ദേഹം ശ്രദ്ധാപൂര്‍വം അത് മുഴുവന്‍ കേള്‍ക്കുകയായിരുന്നു. പിന്നീടുള്ള സംഭാഷണത്തില്‍ മനസ്സിലായി. കുശലം പറഞ്ഞ് പിരിയാന്നേരം കാണാമെന്നാഗ്രഹം പ്രകടിപ്പിച്ചത് ഔപചാരികതമാത്രമെന്നേ കരുതിയുള്ളു. പക്ഷേ പിറ്റേദിവസം എന്നെ കാണാന്‍ വീട്ടിലേക്കെത്തുകയാണുണ്ടായത്. ഏതാണ്ട് ഒരു മണിക്കൂറോളം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതിലും വെള്ളം തന്നെയായിരുന്നു മേല്‍ക്കൈ നേടിയത്.
ജലസംഭരണവും ജലസേചനവും സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടും അത് ഫലവത്താക്കാന്‍ ഉതകുന്ന പ്രതിബദ്ധതയും എത്രമാത്രം അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് ബോധ്യമായി. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ജില്ലയില്‍ പരീക്ഷിച്ച് വിജയിച്ച കൃഷി ജലസേചന രീതിയുടെ ഗുണഫലം അദ്ദേഹം വിശദീകരിക്കുകയുണ്ടായി. വേരുകളിലേക്ക് നേരിട്ട് വെള്ളം എത്തുന്ന ഈ രീതിമൂലം 90 ശതമാനം വെള്ളം ലാഭിക്കാമെന്ന് തെളിഞ്ഞതാണ്. അതിന്റെ സംഘാടകരുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും അദ്ദേഹം ഉണ്ടാക്കി തന്നു. പ്ലാനിംഗ് ബോര്‍ഡ് അംഗമെന്ന നിലയില്‍ ആ പഠനം എനിക്ക് ഏറെ സഹായകമായി.
വരള്‍ച്ച വരുമ്പോള്‍ ജലസംഭരണത്തെ ഓര്‍ക്കുകയും പുതുമഴ വന്നാല്‍ വരള്‍ച്ച മറക്കുകയും ചെയ്യുന്ന ശീലമാണല്ലൊ മലയാളികള്‍ക്ക്. എഞ്ചിനീയര്‍ കൂടിയായ സുദര്‍ശന്‍ജി ഗുജറാത്തിന് നല്കിയ ജലസംഭരണ പദ്ധതി ഏറെ ഫലപ്രദമായി. 10 അടി വീതിയും 10 അടി നീളവും 10 അടി താഴ്ചയുമുള്ള ആയിരിക്കണക്കിന് സിമന്റ് ടാങ്കുകള്‍ ഒരുക്കി മഴവെള്ളം സംഭരിച്ച് വരള്‍ച്ചാസമയത്ത് പ്രയോജനപ്പെടുത്തുന്നതാണിത്. നമുക്കും സ്വീകരിക്കാവുന്ന പദ്ധതിയാണെന്ന് ഞാനോര്‍ത്തു.
കോടാനുകോടി ലിറ്റര്‍ വെള്ളമാണ് ഇതുവഴി അവിടെ ശേഖരിച്ചുവയ്ക്കുന്നത്. കേരളത്തില്‍ “ഒരു കോടി മഴക്കുഴി” എന്ന ആശയത്തിന് പിന്നില്‍ സുദര്‍ശന്‍ജിയുമായുള്ള കൂടിക്കാഴ്ച സഹായകമായി എന്നു പറയുന്നതില്‍ തെറ്റില്ല. ഒരു വലിയമനുഷ്യന്റെ അനുകരണീയമായ ലാളിത്യവും വ്യക്തമായ കാഴ്ചപ്പാടും വിശദാംശങ്ങളടങ്ങിയ അറിവും അത് പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയും തന്നെയാണ് സുദര്‍ശന്‍ജിയെ മാതൃകാ പുരുഷനാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: