കോട്ടയം: അന്തരിച്ച ആര്‍എസ്എസ് മുന്‍സര്‍സംഘചാലക് കെ.എസ് സുദര്ശനുമായുള്ള ബന്ധം ആരംഭിക്കുന്നത് ന്യായാധിപ ജീവിതത്തില്‍നിന്നുള്ള എന്റെ വിരമിക്കലിനുശേഷമാണ്. പാലായില്‍ ഓശാന മൗണ്ടില്‍ പത്തുവര്ഷങ്ങള്ക്കുമുമ്പു നടന്ന സര്‍വമത സമ്മേളനത്തില്‍ വച്ചാണ് സുദര്‍ശനെ ആദ്യമായി കാണുന്നത്. സമ്മേളനത്തിന്റെ മോഡറേറ്ററായിരുന്നു ഞാന്‍. കെ.എസ്.സുദര്ശനന് മുഖ്യപ്രഭാഷകനും. മോഡറേറ്ററായിക്കൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തെ അദ്ദേഹം വളരെയധികം ശ്ലാഘിച്ചു. എന്നാല്‍ സമ്മേളനത്തില്‍ സുദര്ശന് നടത്തിയ പ്രസംഗം ഏവരേയും ആകര്‍ഷിക്കുന്നതായിരുന്നു. പരിപാടിക്കുശേഷം ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളരെയധികം വ്യക്തിപരമായി വളര്‍ന്നു. പിന്നീട് എല്ലാ ക്രിസ്തുമസിനും എനിക്ക് അദ്ദേഹം ആശംസാ കാര്‍ഡുകള്‍ അയയ്ക്കുമായിരുന്നു.
ബൈബിളിനെപ്പറ്റി അഗാധമായ പഠനം സുദര്ശന് നടത്തിയിരുന്നതായി എല്ലാ വര്‍ഷവും വന്നുകൊണ്ടിരുന്ന ആശംസാകാര്‍ഡുകളിലൂടെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പണ്ഡിതനും വാഗ്മിയുമായിരുന്ന സുദര്ശന് ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു. മികച്ച ശിക്ഷണം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് മറ്റുമതങ്ങളെപ്പറ്റിയുള്ള ബഹുമാനം ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആര്‍എസ്എസ് മേധാവിയെപ്പറ്റി വളരെയധികം തെറ്റിദ്ധാരണകള്‍ പലപ്പോഴും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ എല്ലാ മതങ്ങളോടും തുല്യതയോടുകൂടിയ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. രാജ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന കെ.എസ്.സുദര്ശന് രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രസ്നേഹത്താല് നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: