ന്യൂദല്‍ഹി: വിവാദമായ കല്ക്കരിയിടപാടില് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. നിയമവിരുദ്ധമായി കല്‍ക്കരി ബ്ലോക്കുകള്‍ സംഘടിപ്പിച്ചവര്‍ക്കും കരാര്‍ ലംഘിച്ചവര്ക്കുമെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദീകരിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിവാദത്തിലകപ്പെട്ട 194 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്ജിയിലാണ് കോടതി നിര്‍ദ്ദേശം. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതില്‍ എന്തുകൊണ്ട് ടെണ്ടര്‍ നടപടി സ്വീകരിച്ചില്ല, കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതിനുള്ള മാര്‍ഗരേഖകള്‍ നിയമവിധേയമായ നടപടികളില്‍നിന്നുള്ള വ്യതിചലനം, ക്രമവിരുദ്ധമായി കല്‍ക്കരി ബ്ലോക്കുകള്‍ തരപ്പെടുത്തിയവരില്‍ ഒട്ടേറെ രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും ഉള്‍പ്പെടാന്‍ കാരണം, സ്വകാര്യ കക്ഷികള്‍ക്കുവേണ്ടി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവോ, സിഎജി തെറ്റെന്ന് കണ്ടെത്തിയ നടപ്പ് രീതിയില്‍ തന്നെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുകയായിരുന്നോ സര്‍ക്കാരിന്റെ ലക്ഷ്യം എന്നിങ്ങനെ ആറ് ചോദ്യങ്ങള്‍ക്ക് എട്ടാഴ്ചക്കകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കല്‍ക്കരിവകുപ്പ് സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കല്ക്കരിയിടപാട് വന്‍ വിവാദമാവുകയും പ്രശ്നം സുപ്രീംകോടതിയിലെത്തുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം കല്‍ക്കരി മന്ത്രാലയം നാല് ബ്ലോക്കുകള്‍ക്കുള്ള അനുമതി റദ്ദാക്കിയിരുന്നു. 1996 ല്‍ കാസ്ട്രോണ്‍ മൈനിംഗ് ലിമിറ്റഡിന് അനുവദിച്ച ഝാര്‍ഖണ്ഡിലെ ബ്രഹ്മാദി ബ്ലോക്ക്, മഹാരാഷ്ട്രയില്‍ 2003 ല്‍ ഫീല്‍ഡ് മൈനിംഗ് ആന്റ് ഇസാത് ലിമിറ്റഡിന് നല്കിയ ചിനോറ, വറോറ (ദക്ഷിണഭാഗം) ബ്ലോക്കുകള്‍, 2005 ല്‍ ഝാര്‍ഖണ്ഡില്‍ ഡോംകോ സ്മോക്ലെസ്സ് ഫ്യൂവല്‍സ് പ്രൈ. ലിമിറ്റഡിന് അനുവദിച്ച ലാല്‍ഗഡ് (നോര്‍ത്ത്) ബ്ലോക്ക് എന്നിവയാണ് റദ്ദാക്കിയത്. അഡീഷണല്‍ സെക്രട്ടറി (കല്‍ക്കരി) സോറ ചാറ്റര്‍ജിയുടെ അധ്യക്ഷതയിലുള്ള അന്തര്‍-മന്ത്രിതല സംഘത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു ഈ നടപടി, കൂടുതല്‍ കല്‍ക്കരി ബ്ലോക്കുകളുടെ അനുമതി റദ്ദാക്കുമെന്ന് വകുപ്പുമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ അവകാശപ്പെട്ടിട്ടുണ്ട്. റദ്ദാക്കിയ ബ്ലോക്കുകള്‍ പൂര്‍ത്തിയായിവരുന്ന ഊര്‍ജപദ്ധതികള്‍ക്ക് കൈമാറുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു.ഇതേസമയം, വിവാദമായ കല്ക്കരിയിടപാടില് ആരോപണവിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 17 മുതല്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ പ്രകടനങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചു. കല്ക്കരിയിടപാടിലെ ആദ്യ പ്രതിയും മുഖ്യപ്രതിയുമായ മന്‍മോഹന്‍സിംഗിന്റെ രാജി ആവശ്യപ്പെട്ട് 17-24 തീയതികളില്‍ രാജ്യവ്യാപകമായി പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ അറിയിച്ചു. ജില്ലാ തലങ്ങളിലുള്ള പരിപാടികള്‍ക്ക് പുറമെ ദേശീയ നേതാക്കളും മുതിര്‍ന്ന സംസ്ഥാന നേതാക്കളും തലസ്ഥാനങ്ങളില്‍ ‘രാജ്ഭവന് ചലോ’ മാര്‍ച്ചുകള്‍ നടത്തി പ്രധാനമന്ത്രിയുടെ രാജിക്കായി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കും. ഒരാഴ്ച നീളുന്ന പ്രചാരണപരിപാടികള്‍ക്കു ശേഷമുള്ള സ്ഥിതിവിശേഷം വിശകലനം ചെയ്യാന്‍ 25 ന് കോര്‍ ഗ്രൂപ്പ് യോഗം ചേരും. തുടര്‍ന്നുള്ള പരിപാടികളും ഭാവിതന്ത്രങ്ങളും സപ്തംബര്‍ 26-28 തീയതികളില്‍ നടക്കുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അനന്തകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: