ന്യൂദല്‍ഹി: ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി ഡീസല്‍ വില കുത്തനെ കൂട്ടിയ യുപിഎ സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി രോഷം പുകയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ ഘടകകക്ഷികളും കേന്ദ്രത്തിനെതിരെ തിരിഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പെട്രോള്‍ മാഫിയയുമായി കേന്ദ്രസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. വില വര്‍ധന അംഗീകരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.
പാചക വാതകത്തിനും ഡീസലിനും വില കുത്തനെ കൂട്ടിയ നടപടിക്കെതിരെ സകല മേഖലകളില്‍നിന്നും സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഘടകകക്ഷികളുമായി കൂടിയാലോചിക്കാതെയാണ് ഡീസല്‍ വില കുത്തനെ കൂട്ടിയിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആരോപിച്ചു. ഡീസലിന്റേയും പാചകവാതകത്തിന്റേയും വില വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂട്ടിയ വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ഇന്ന് പ്രകടനത്തിനും തൃണമൂല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡീസല്‍ വില കൂട്ടിയ നടപടി കേന്ദ്രത്തിന്റെ ക്രൂരമായ തമാശയും സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും മേലുള്ള മാരകമായ ആഘാതമാണെന്നും ബിജെപി ഉപാധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്വി ചൂണ്ടിക്കാട്ടി. പെട്രോള്‍ മാഫിയയുമായി ഒത്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി അനുവദിക്കില്ലെന്നും പ്രശ്നം തെരുവിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിത്തുവിതയ്ക്കുന്ന സീസണിലുള്ള ഡീസല്‍ വില വര്‍ധന കര്‍ഷകരെ വലയ്ക്കും. സാധാരണക്കാരനെ ഈ വിധത്തില്‍ കൊള്ളയടിക്കാന്‍ അനുവദിക്കില്ല. ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വില കുറയുന്നതിനിടെ പെട്രോളിന്റേയും എല്‍പിജിയുടേയും ഡീസലിന്റേയും വില സര്‍ക്കാര്‍ കൂട്ടുന്നത് പെട്രോളിയം മാഫിയയുമായുള്ള ഒത്തുകളിയുടെ തെളിവാണ്, നഖ്വി പറഞ്ഞു. ഡീസല്‍ വില വര്‍ധന സമ്പദ്ഘടനയെ ആകമാനം പ്രതികൂലമായി ബാധിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി. വിലകള്‍ നിയന്ത്രണാതീതമായിരിക്കുന്ന സാഹചര്യത്തില്‍ ഇത് നാണയപ്പെരുപ്പത്തിനും സമ്പദ്ഘടനയില്‍ വ്യതിചലനങ്ങള്‍ക്കും വഴിതെളിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
വളരെ ഉയര്‍ന്നതും അപ്രതീക്ഷിതവുമായ വിലവര്‍ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രമുഖ യുപിഎ ഘടകകക്ഷിയായ ഡിഎംകെയും കുറ്റപ്പെടുത്തി. അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന ഇടത്തരക്കാരുടെയും ദരിദ്രരുടേയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി ചൂണ്ടിക്കാട്ടി. വില വര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡീസല്‍ വില കൂട്ടിയ കേന്ദ്രസര്‍ക്കാരിനെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ രൂക്ഷമായി വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യബോധമില്ലാത്തതും ഏകപക്ഷീയവുമായ വില വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനവിരുദ്ധമായ നടപടിക്കെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപകമായി ധര്‍ണ്ണകള്‍ സംഘടിപ്പിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി അറിയിച്ചു. ജനവിരുദ്ധവും വിലക്കയറ്റത്തിനു വഴിതെളിക്കുന്നതുമായ നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേഷ് ചൗധരി കുറ്റപ്പെടുത്തി.
ജനവിരുദ്ധവും സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുന്നതുമായ നടപടിയാണ് ഡീസല്‍ വില വര്‍ധനയെന്ന് പശ്ചിമബംഗാള്‍ ഇടതുമുന്നണി ചെയര്മാന് ബിമന്‍ ബോസ് കുറ്റപ്പെടുത്തി. അവശ്യവസ്തുക്കളുടെ വില വര്‍ധനയില്‍ കഷ്ടപ്പെടുന്ന സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാക്കുന്ന നീക്കമാണിതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സബ്സിഡി നിരക്കിലുള്ള എല്‍പിജിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് പാര്‍ട്ടി വക്താവ് നവാബ് മാലിക്ക് ആവശ്യപ്പെട്ടു.
അപകടകരവും മാരകവുമായ തീരുമാനമാണ് കേന്ദ്രത്തിന്റേതെന്ന് സിപിഐ വിശേഷിപ്പിച്ചു. വില വര്‍ധനയെ ശക്തമായി എതിര്‍ക്കുമെന്നും പാര്‍ട്ടി എംപി ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. വില വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് എഐഎഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയും ആവശ്യപ്പെട്ടു. ഡീസല്‍വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കേരളത്തിലും പശ്ചിമബംഗാളിലും ബസ് ഓപ്പേറേറ്റര്മാര് അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുകയാണ്.
ഡീസല്‍ വിലയില്‍ വന്‍ വര്‍ധന വരുത്തിയതിനെ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ എല്ലാ സഖ്യകക്ഷികളേയും വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: