കൊച്ചി: ഒട്ടേറെ ആശങ്കകളും അനിശ്ചിതത്വവും ബാക്കിയാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച എമെര്‍ജിംഗ് കേരള 2012 നിക്ഷേപ സംഗമം കൊച്ചിയില്‍ കൊടിയിറങ്ങി. പൊതു, സ്വകാര്യ, സംയുക്ത മേഖലകളില്‍ 210 ല്‍പ്പരം പദ്ധതികളാണ് സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ഇതിന് പുറമെ സ്വകാര്യ സംരംഭകരും കോര്‍പ്പറേറ്റുകളും മുന്നോട്ടുവെച്ച പദ്ധതികള്‍ വേറെയും. പതിനൊന്ന് വന്‍കിട പദ്ധതികള്‍ കെഎസ്ഐഡിസിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മേളയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴി, അതിവേഗ റെയില്‍ പാത, കൊച്ചിയിലെ ഓഷ്യനേറിയം, കൊച്ചിക്ക് സമീപം ആമ്പല്ലൂരിലെ ഇലക്ട്രോണിക്സ് ഹബ് ഇവയെല്ലാമാണ് പ്രധാന പദ്ധതികള്‍.
വന്‍കിട പദ്ധതികള്‍ക്ക് പുറമെ നിരവധി ചെറുകിട, ഇടത്തരം നിക്ഷേപ സംരംഭങ്ങളും സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഏറെയും ടൂറിസവും ഐടിയുമായി ബന്ധപ്പെട്ടവയാണ്. ചെറുകിട-നിര്‍മ്മാണ-സേവന പദ്ധതികളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവക്ക് പുറമെ നിക്ഷേപകര്‍ സ്വയം കണ്ടെത്തി തയ്യാറാക്കി അവതരിപ്പിച്ച സംരംഭങ്ങളും എമെര്‍ജിംഗ് കേരളയില്‍ അനുമതിക്കായി പരിഗണനക്കുവന്നവയില് ഉള്‍പ്പെടുന്നു. നിക്ഷേപക സംഗമത്തില്‍ മുന്‍പോട്ടു വെച്ചിരിക്കുന്ന ഭൂരിഭാഗം പദ്ധതികള്‍ക്കും ഭൂമിയും മറ്റ് അനുബന്ധ സൗകര്യങ്ങളും അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനവും നടപ്പില്‍ വരുത്തേണ്ടതുണ്ട്. വിവിധ പദ്ധതികള്‍ക്ക് പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കും മറ്റും ഇടവരുത്താത്ത വിധത്തില്‍ ഭൂമി കണ്ടെത്തുക എന്നതായിരിക്കും ആദ്യ കടമ്പ. ടൂറിസം, ഐടി, അതിവേഗ റെയില്‍, വ്യാവസായിക ഇടനാഴി തുടങ്ങി 60 ല്‍ പരം നിക്ഷേപ പദ്ധതികള്‍ക്ക് 6000 ഏക്കറിലധികം ഭൂമി ഏറ്റെടുക്കേണ്ടതായോ കണ്ടെത്തേണ്ടതായോവരും എന്നാണ് കണക്കുകൂട്ടുന്നത്.
ആറന്മുള വിമാനത്താവളത്തിന് 500 ഏക്കര്‍ ഭൂമി നികത്തുവാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയെന്ന വിവരം പുറത്തുവന്നത് എമെര്‍ജിംഗ് കേരളക്കിടെയാണെന്നത് ശ്രദ്ധേയമാണ്. നീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താതേയും ആളുകളെ കുടിയൊഴിപ്പിക്കാതെയും സംരംഭങ്ങള്‍ക്ക് ഭൂമി കണ്ടെത്തുക അസാധ്യമാണ്. ഇതിന് പുറമെയാണ് കടലും കായലുകളും മറ്റും ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങള്‍.
ചെറുകിട ഇടത്തരം പദ്ധതികള്‍ക്ക് ഏകജാലക സംവിധാനം വഴി 45 ദിവസത്തിനകം അനുമതി പത്രം ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 60 ദിവസം മുതല്‍ 90 ദിവസത്തിനകം നിക്ഷേപ പദ്ധതികള്‍ക്ക് ഏകജാലക സംവിധാനം വഴി നല്‍കുമെന്നാണ് ‘എമെര്‍ജിംഗ് കേരള’ യെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി അറിയിച്ചത്. വന്‍കിട നിക്ഷേപ പദ്ധതികളുടെ കാര്യത്തില്‍ വിശദമായ പരിശോധനകളും ചര്‍ച്ചകളും ആവശ്യമായി വരും. എന്നിരുന്നാലും സാധ്യതയുള്ളവയെല്ലാം പ്രാവര്‍ത്തികമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നാണ് സംരംഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം.
രണ്ടുലക്ഷം കോടിയുടെ നിക്ഷേപം എമെര്‍ജിംഗ് കേരളയിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും തുടക്കത്തില്‍ പറഞ്ഞിരിക്കുന്നത്. സംഗമം നടക്കുന്ന ഘട്ടത്തില്‍ അത്് നേര് പകുതി ഒരു ലക്ഷം കോടി എന്നാക്കി തിരുത്തി. എന്നാല്‍ യാഥാര്‍ത്ഥ്യമാക്കുന്നത് എത്ര കോടിയുടേതെന്ന് വരും നാളുകളില്‍ കേരളം നേരില്‍ കാണാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: