ന്യൂദല്‍ഹി: മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വ്യാപാരരംഗത്തും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ചില്ലറവില്‍പ്പന രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിനെച്ചൊല്ലിയുള്ള പ്രതിഷേധ കോലാഹലങ്ങള്‍ കെട്ടടങ്ങും മുമ്പേയാണ് വന്‍വിവാദത്തിന് വഴിതെളിക്കുന്ന പുതിയ തീരുമാനം. മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംസ്ഥാനസര്‍ക്കാരുകളാണ് തീരുമാനിക്കുക.
രാജസ്ഥാന്, ദല്‍ഹി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ പുതിയ തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി ഭരണ സംസ്ഥാനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. കഴിഞ്ഞ ദിവസംചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് മള്‍ട്ടിബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ബഹുരാഷ്ട്ര കുത്തകകളെ ക്ഷണിക്കേണ്ട ചുമതല കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിട്ടിരിക്കയാണ്. ‘ബിഗ് ബാങ്ങ്’ പരിഷ്കാരങ്ങള്‍ക്ക് സമയമായെന്നാണ് യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള പ്രമുഖ ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് മറ്റിവെച്ചിരുന്ന തീരുമാനമാണ് പൊടുന്നനെ കേന്ദ്രം നടപ്പാക്കിയിരിക്കുന്നത്. വ്യോമയാനം, പ്രക്ഷേപണം, ഊര്‍ജവിനിമയം തുടങ്ങിയ രംഗങ്ങളിലും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ, ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ 49 ശതമാനം വരെ നിക്ഷേപിക്കാന്‍ വിദേശ എയര്‍ലൈന്‍സുകള്‍ക്ക് അനുമതികിട്ടും.
ഓയില്‍ ഇന്ത്യ (10 ശതമാനം), നാല്‍കൊ (12.5 ശതമാനം), ഹിന്ദുസ്ഥാന്‍ കോപ്പര്‍ (9.59 ശതമാനം) തുടങ്ങി അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചു.
രാജ്യത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് ഇടതുപാര്‍ട്ടികള്‍ പ്രതികരിച്ചു. സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതിന് പകരം ചെറുകിട കര്‍ഷകരെ തകര്‍ക്കുന്ന നടപടിയാണിതെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.
സ്വന്തം പരാജയങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് യുപിഎ സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. യുപിഎ തീരുമാനം ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് ബിജെപി പ്രതികരിച്ചു. വിദേശനിക്ഷേപ തിരുമാനത്തെ പ്രമുഖ യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും എതിര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: