കൊച്ചി: ഡീസല്‍ വില വര്‍ധന ഒഴിവാക്കേണ്ടതായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നതാണു തീരുമാനം. രാജ്യവ്യാപകമായി വലിയ തോതില്‍ വില വര്‍ധനവിന് ഇത് ഇടയാക്കും. വില വര്‍ധനവ് വഴി സംസ്ഥാനത്തിനു ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
വില വര്‍ധന ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഡീസല്‍ വില വര്‍ധനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. മുംബൈ, കാണ്‍പൂര്‍, അമൃത്സര്‍, കര്‍ണാല്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം ഏറ്റവും ശക്തം. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മുംബൈയില്‍ സ്വകാര്യ ബസ്സുകള്‍ നിരക്കു വര്‍ധിപ്പിച്ചു
മഹാരാഷ്ട്രയില്‍ ചരക്കു ലോറികളും നിരക്ക് വര്‍ധിപ്പിച്ചു. പത്ത് ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ ഡീസലിന് അഞ്ച് രൂപ വില വര്‍ധിപ്പിച്ചത്. വിലവര്‍ധന ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു. പാചകവാതക സിലിണ്ടറുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഒരു വര്‍ഷത്തില്‍ സബ്സിഡിയോടെ ആറു സിലിണ്ടറുകള്‍ മാത്രമെ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളു. ആറെണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് സിലിണ്ടറൊന്നിന് 700 രൂപയോളം അധികം നല്‍കേണ്ടിവരും.
വിലവര്‍ദ്ധന ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനം എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: