തൃശൂര്‍: തൃശൂര്‍ മെയിലിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട് കത്തിച്ച മാലിന്യത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈകാലുകളുടെ അസ്ഥികൂടവുമാണ് കണ്ടെത്തിയത്. തൃശൂര്‍ ഈസ്റ്റ് സി.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. വിശദമായ പരിശോധന നടക്കുന്നു.സംഭവം അറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് അധികൃതരും അസ്ഥികൂടങ്ങള്‍ പരിശോധിച്ചു. വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കുശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കഴിയൂ.
തൃശൂര്‍ സിറ്റി അസി. കമ്മീഷണര്‍ ടി.കെ.തോമസ്, ടൗണ്‍ സി.ഐ. ടി.ആര്.സന്തോഷ്, പ്രിന്‍സിപ്പല്‍ എസ്.ഐ. ബെന്നി ജേക്കബ്ബ്, വനിത എസ്.ഐ. പി.വി.സിന്ധു, പ്രൊബേഷന്‍ എസ്.ഐ. ഷിജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി വിശദാംശങ്ങള്‍ ശേഖരിച്ചു. പാമ്പൂര്‍ സ്വദേശി റിട്ട. പോസ്റ്റ്മാസ്റ്റര്‍ ഉണ്ണിരാജിന്റെ ഉടമസ്ഥയിലുള്ളതാണ് ഒഴിഞ്ഞുകിടക്കുന്ന പറമ്പ്. ഉണ്ണിരാജ് ഇപ്പോള്‍ ആലപ്പാട് പുള്ളിലാണ് താമസം. അയല്പക്കത്തുള്ളവരും കുടുംബശ്രീ പ്രവര്‍ത്തകരും വേയ്സ്റ്റ് ഇടയ്ക്കൊക്കെ ഈ പറമ്പിലിട്ടാണ് കത്തിക്കുന്നത്. മാലിന്യം കത്തിയ കൂട്ടത്തില്‍ മെഡിക്കല്‍ സംബന്ധമായ കവറുകളും മരുന്നുകുപ്പികളുടെ അവശിഷ്ടങ്ങളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
ഏതെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപേക്ഷിച്ചതോ അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പറമ്പ് കിളച്ചപ്പോള്‍ കിട്ടിയതോ ആകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഫോറന്‍സിക് അധികൃതര്‍ എത്തി പ്രാഥമിക പരിശോധനകള്‍ക്കുശേഷം അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. അസ്ഥികൂടത്തിന്റെ പഴക്കവും സ്ത്രീയുടെയോ പുരുഷന്റേയോ ആണോ എന്നും പരിശോധനയില്‍ അറിയാന്‍ കഴിയുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: