തിരുവനന്തപുരം: കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്നും കേരളത്തില്‍ ഭൂമിക്ക് കടുത്ത ദൗര്‍ലഭ്യമുള്ളതിനാല്‍ മൂല്യവര്‍ധന ഉയര്‍ത്തുന്ന തരത്തിലുള്ള നിക്ഷേപങ്ങളാണ് വരേണ്ടതെന്നുമുള്ള ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും രംഗത്ത്.
അലുവാലിയയുടെ പ്രസ്താവന കേരളം അവജ്ഞയോടെ തള്ളിക്കളയുമെന്ന് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. കേരളത്തിന്റെ ഭൂമി ഭൂമാഫിയയ്ക്ക് കൈവശപ്പെടുത്താന്‍ അവസരമൊരുക്കുന്നതാണ് അലുവാലിയയുടെ പ്രസംഗം. മന്മോഹന് സിംഗ്, അലുവാലിയ എന്നീ തലയില്കെട്ടുള്ളവര് പറയുന്നത് കേരളീയര്‍ വിശ്വാസത്തിലെടുക്കില്ല. ഐ.ഐ.ടി തരാമെന്ന് പറഞ്ഞ് പത്ത് വര്‍ഷമായി പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും വി.എസ് പറഞ്ഞു.
ഭൂമാഫിയ ഉയര്‍ത്തുന്ന വാദങ്ങളാണ് അലുവാലിയുടേതെന്ന് വി.എം സുധീരന് പറഞ്ഞു. കേരളത്തിന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണിത്. ഭക്ഷ്യസുരക്ഷയാണ് ഏറ്റവും പ്രധാനം. കേരളത്തിലെ നെല്‍വയലുകളുടെ വിസ്തൃതി ദിനംപ്രതി കുറഞ്ഞുവരികയാണ്. ഈ വേളയിലുള്ള ആലുവാലിയയുടെ പ്രസ്താവന ഭൂമാഫിയക്ക് കരുത്ത് പകരും. അതുകൊണ്ട് പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറകണമെന്നും സുധീരന് ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതിനെതിരെയും സുധീരന് രംഗത്തെത്തി. ആറന്മുള വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്തരുത്. അനുമതി നല്‍കാനുള്ള സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ശുപാര്‍ശ ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. നിയമസഭാ സമിതിയുടെ കണ്ടെത്തലിന് വിരുദ്ധമാണിതെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: