ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇന്ധനം നിറയ്ക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട്ടിലെ സന്നദ്ധ സംഘടന നല്കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. അതേസമയം കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ മുന്നോട്ട് പോകുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.
ജീവനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക തള്ളിക്കളയാനാവില്ല. 17 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതെന്തുകൊണ്ടെന്നും സുപ്രീംകോടതി ആരാഞ്ഞു. കൂടംകുളത്ത് മതിയായ സുരക്ഷകള്‍ ഇല്ലാതെയാണ് ആണവനിലയത്തിന് അനുമതി നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ അപകടത്തില്‍ നിന്നും രാജ്യം പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ കൂടംകുളത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദിച്ചു. രണ്ടിലധികം സമിതികള്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയതായും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഇതിനിടെ ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നും പ്രദേശത്ത് നിന്ന് പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കൂടംകുളം സമരസമിതിയുടെ നേതൃത്വത്തില്‍ കടലിലിറങ്ങി പ്രതിഷേധം തുടങ്ങി. ആയിരകണക്കിന് സമരസമിതി പ്രവര്‍ത്തകരാണ് കടലിലിറങ്ങി പ്രതിഷേധിക്കുന്നത്.
കഴുത്തറ്റം വെള്ളത്തിലിറങ്ങിയാണ് ആയിരങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കു ചേരുന്നത്. ഇന്ന് വെകിട്ട് അഞ്ച് വരെയാണ് സമരം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ കക്ഷിനേതാക്കളും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: