കീ്റോ/വാഷിംഗ്ടണ്‍: ലിബിയയിലെ യുഎസ് അംബാസഡറും മൂന്ന് എംബസി ജീവനക്കാരും റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതായി പറയപ്പെടുന്ന യുഎസ് സിനിമക്കെതിരെ പ്രതിഷേധവുമായെത്തിയ ഭീകരരുടെ ആക്രമണത്തിലാണ് അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ടത്. യുഎസ് കോണ്‍സുലേറ്റ് ഭീകരര്‍ കത്തിക്കുകയും ചെയ്തു.
ലിബിയന്‍ നേതാവായിരുന്ന മുഹമ്മര്‍ ഗദ്ദാഫിക്കെതിരെ കഴിഞ്ഞവര്‍ഷമുണ്ടായ വന്‍ പ്രതിഷേധത്തിന് വേദിയായ ബെംഗാസി നഗരത്തില്‍ സ്ഥിതിചെയ്യുന്ന യുഎസ് കോണ്‍സുലേറ്റാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിനുനേരെ നിറയൊഴിച്ചുകൊണ്ടെത്തിയ ഭീകരരില്‍നിന്ന് സ്റ്റീവന്‍സിനെ കാറില്‍ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനിടെയുണ്ടായ ഗ്രനേഡാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂന്ന് എംബസി ജീവനക്കാരും വധിക്കപ്പെട്ടു. തുടര്‍ന്ന് ലിബിയന്‍ സുരക്ഷാ സേനയും മുസ്ലീം ഭീകരരും തമ്മില്‍ കോണ്‍സുലേറ്റ് പരിസരത്ത മണിക്കൂറുകളോളം ഏറ്റുമുട്ടി. ആക്രമണത്തെ ലിബിയന്‍ ഉപപ്രധാനമന്ത്രി മുസ്തഫ അബു ഷഗോര് അപലപിച്ചു. സംഭവത്തോട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പ്രതികരിച്ചിട്ടില്ല.
കലാപകലുഷിതമായ രാജ്യങ്ങളില്‍ കനത്ത സുരക്ഷാവലയത്തില്‍ കോണ്‍വോയ് ആയാണ് യുഎസ് അംബാസഡര്‍മാരുടെ സഞ്ചാരം. എന്നാല്‍, ഇന്നലെ രണ്ട് ആക്രമണങ്ങളും ആസൂത്രിതമായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നു.
അയല്‍രാജ്യമായ ഈജിപ്തിലും അമേരിക്കക്കെതിരെ പ്രതിഷേധം പുകയുകയാണ്. അക്രമികള്‍ യുഎസ് പതാക കീറി കത്തിച്ചു. യുഎസ് പതാകയുടെ സ്ഥാനത്ത് കരിങ്കൊടി ഉയര്‍ത്താനും ശ്രമം നടന്നു. ഈജിപ്തില്‍ വലിയ നയതന്ത്ര കാര്യാലയമാണ് യുഎസിനുള്ളത്. 1979 ല്‍ ഇസ്രയേലുമായി ഒപ്പിട്ട സമാധാനക്കരാറിനെത്തുടര്ന്ന് വന്‍ സഹായമാണ് അമേരിക്ക ഈജിപ്തിന് നല്‍കിവരുന്നത്. എല്ലാവര്‍ഷവും 1.3 ബില്യണ്‍ യുഎസ് ഡോളറാണ് അമേരിക്ക ഈജിപ്തിന് സൈനികസഹായമായി നല്‍കുന്നത്. ഇന്നലെ 20 ഓളം പേര് എംബസി മതിലിനു മുകളില്‍ കയറുകയും പതാക വലിച്ചുകീറുകയുമായിരുന്നു. പുറത്ത് 2000 ത്തിലേറെ തീവ്രവാദികള്‍ തടിച്ചുകൂടി പതാക കത്തിക്കുകയും ചെയ്തു. എംബസി കെട്ടിടം ആക്രമിക്കപ്പെട്ട വിവരം വാഷിംഗ്ടണില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് വിക്ടോറിയ നൂലാന്‍ഡ് സ്ഥിരീകരിച്ചു. എല്ലാ എംബസികള്‍ക്കും മതിയായ സുരക്ഷ നല്കാന് തങ്ങള്‍ പ്രതിബദ്ധരാണെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, സിനിമ വിവാദമായതോടെ മുസ്ലീം ഭീകരരുടെ ആക്രമണം ഭയന്ന് സംവിധായകന് ഒളിവില്‍ പോയി. ഇസ്ലാം ഒരു ‘കാന്‍സര്‍’ ആണെന്നും ഒരു രാഷ്ട്രീയ നിലപാട് ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും എഴുത്തുകാരനും സംവിധായകനുമായ സാം ബാസില്‍ അജ്ഞാതകേന്ദ്രത്തില്‍നിന്ന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താനൊരു ഇസ്രയേലി ജൂതനാണെന്നും ഇസ്ലാമിന്റെ കാപട്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും 56 കാരനായ ബാസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: