കോട്ടയം: വ്യാവസായികസംരംഭങ്ങളെ കണ്ണുമടച്ച് എതിര്‍ക്കുന്നത് ഒരിക്കലും വികസനകാഴ്ചപ്പാടല്ല. എങ്കിലും, ‘എമര്‍ജിംഗ് കേരള’ വിവാദങ്ങളില്പെട്ടതില് ഒട്ടും അത്ഭുതപ്പെടാനില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ പൊതു ആരോഗ്യപരിപാലനം, പൊതുവിതരണസമ്പ്രദായം, ശുദ്ധജലവിതരണം, പരിസ്ഥിതിസംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, പൊതുവിദ്യാഭ്യാസം, പശ്ചാത്തലസൗകര്യങ്ങള്‍ എന്നിവയൊന്നും ‘എമര്‍ജിംഗ് കേരള’യില്‍ കാര്യമായി പരിഗണിക്കപ്പെട്ടുകാണുന്നില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നെട്ടോട്ടമോടി നിക്ഷേപകരെ കൊണ്ടുവരുമ്പോള്‍ അത് പാവപ്പെട്ടവനും സാധാരണക്കാരനും എന്തു ഗുണം ചെയ്യുന്നുവെന്ന് അന്വേഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതുമാണ്.
എട്ടുവര്ഷംമുമ്പു നടന്ന ‘ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ്’ (ജിം) പദ്ധതി കൊട്ടിഘോഷിച്ച പല കാര്യങ്ങളും കേരളത്തില്‍ കൊണ്ടുവന്നതേയില്ല. എന്നാല്‍ ‘ജിം’ നല്കിയ സന്ദേശം കേരളം അനുകൂലമായി എടുത്തതിന്റെ നല്ല സൂചനകളും പിന്നീടുള്ള കേരളവികസന നയങ്ങളില്‍ പ്രകടമായിട്ടുണ്ട്. പരിസ്ഥിതിക്കും, മാനുഷികഘടകങ്ങള്ക്കും കോട്ടംവരുത്താതെ സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും പൊതുവേ വ്യാവസായിക-സാമ്പത്തികവളര്‍ച്ച ഉണ്ടാക്കുന്ന പദ്ധതികള്‍ നമുക്ക് സ്വാഗതംചെയ്യാവുന്നതാണ്.
എന്നാല്‍, ‘എമര്‍ജിംഗ് കേരള’യുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ തികച്ചും ശ്രദ്ധിക്കേണ്ടതുതന്നെയാണ്. കേരളത്തില്‍ ഭൂമി വളരെ കുറച്ചേയുള്ളൂ.
ഈ ഭൂമി അന്ധമായിട്ട് വിദേശകുത്തകകള്‍ക്ക് പാട്ടത്തിനുകൊടുക്കാന്പാടില്ല.പ്രയോജനപ്രദമായ പദ്ധതികള്‍ക്ക് പരിമിതമായ കാലഘട്ടത്തേക്കുമാത്രമേഭൂമി പാട്ടത്തിനു നല്‍കാവൂ. അതേസമയം, പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതാവരുത് എന്ന കര്‍ശന വ്യവസ്ഥയും വേണം. അടുത്ത തലമുറയുടെ ഭാവി നമ്മള് പരിഗണിക്കണം. മറ്റൊരു കാര്യം, നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുന്ന വിനോദ-ടൂറിസം വ്യവസായങ്ങള്‍ നമുക്ക് ഒട്ടും ആശാസ്യമല്ല. ചുരുക്കത്തില്‍, അച്ചടക്കമുള്ള വികസനകാഴ്ചപ്പാട് നമുക്ക് ഉണ്ടാകണം.
ഭൂമിക്കച്ചവടവും, ഭൂ-മാഫിയകളെ സൃഷ്ടിക്കുന്നതും, പുത്തന്‍ ജന്മിത്വം ഉടലെടുക്കുന്നതും വികസനമാണെന്ന് ധരിക്കുന്നത് വലിയ അപകടമാണ്. ആഗോളീകരണ – ഉദാരവല്‍ക്കരണനയങ്ങള്‍ ജനദ്രോഹത്തിനു മുതിരാനുള്ള ലൈസന്‍സല്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: